തിരുവനന്തപുരം: സി.പി.എം പാളയം ഏരിയാ സമ്മേളനത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനം. ഇന്നലെ ആരംഭിച്ച സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു മേയർക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനം ഉയർന്നത്. മേയറുടെ പ്രവർത്തനം പാർട്ടിക്ക് ഗുണകരമല്ലെന്ന് പ്രതിനിധികൾ വിമർശിച്ചു. ഒരു സാധാരണ കുടുംബത്തിൽനിന്നു വന്ന മേയറുടെ രീതിയും പ്രവർത്തനവും പാർട്ടിക്ക് ദോഷം ചെയ്യുന്നതരത്തിലാണ്. വനിതാ സഖാക്കളെ പോലും പരിഗണിക്കുന്നില്ല. അവാർഡ് വാങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല. മേയറും ഭർത്താവായ എം.എൽ.എയും റോഡിൽ ബസ് തടഞ്ഞുനിറുത്തി ഡ്രൈവറോട് കാണിച്ച 'ഷോ' പാർട്ടിക്ക് ദോഷം ചെയ്തു. വൈകിയാണെങ്കിലും മേയർ തിരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് ഗുണകരമായില്ലെന്നും മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നും അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ക്ഷേമ പെൻഷനിൽ പാളിച്ച പറ്റി. സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തുന്നില്ല. മംഗലപുരത്ത് നേതാക്കൾ കുറച്ചുകൂടി ഔചിത്യം കാണിച്ചിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വിമർശനം ഉയർന്നു. ചർച്ച ഇന്നും തുടരും. നിലവിലെ സെക്രട്ടറി പ്രസന്നകുമാർ മാറാനാണ് സാദ്ധ്യത.