വിതുര: കല്ലാർ സുരക്ഷിത ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. ഇനി വിനോദസഞ്ചാരികൾക്ക് സുഗമമായി പൊൻമുടി സന്ദർശിക്കാം. യുവസംഘങ്ങൾക്ക് യഥേഷ്ടം അപകടത്തിൽപ്പെടാതെ കല്ലാറിൽ നീന്തിരസിക്കാം. സുരക്ഷിത ടൂറിസം പദ്ധതിയുടെ ഭാഗമായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും കല്ലാറിൽ ഏറ്റവും കൂടുതൽ അപകടമരണങ്ങൾ അരങ്ങേറുന്ന വിവിധ സ്ഥലങ്ങളിൽ ഫെൻസിംഗ് സ്ഥാപിച്ചു. നദിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച കല്ലാർ വട്ടക്കയം മേഖലയിലാണ് ഫെൻസിംഗ് ഏറ്റവും ഗുണകരമായി മാറുന്നത്. കല്ലാർ നദിയിൽ രണ്ട് വർഷം മുൻപുവരെ അനവധി അപകടങ്ങളാണ് നടന്നത്.
കുളിക്കുന്നതിനിടയിൽ നിരവധി യുവാക്കൾ കയത്തിൽ മുങ്ങിമരിച്ചിരുന്നു. വർഷത്തിൽ അഞ്ച് മരണമെങ്കിലും നടക്കാറുണ്ടായിരുന്നു. മാത്രമല്ല കല്ലാർ നിവാസികൾ കയത്തിൽവീണ അനവധി പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. അപകടങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകി. അപകടമരണങ്ങൾ തുടർക്കഥയായി മാറിയപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ കല്ലാർ സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. തുടർന്ന് ഫെൻസിംഗിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചു.
അനുവദിച്ച തുക---42.48 ലക്ഷം രൂപ
ഉദ്ഘാടനം നാളെ
കല്ലാർ, പൊൻമുടി സുരക്ഷിത ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിൽ നിർമ്മിച്ച ഫെൻസിംഗിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ കല്ലാർ വാർഡ് മെമ്പർ സുനിത ഐ.എ.സും,വിതുര പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുക്കും.