photo1

പാലോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തെന്നൂർ നെട്ടയം വിളയിൽ വീട്ടിൽ അനിൽകുമാർ (54) സഹോദരന്റെ മകൻ ഞാറനീലി സജു ഭവനിൽ സജു (38) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് 7ന് ഞാറനീലി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഇരുവരെയും കാട്ടുപന്നി മെയിൻ റോഡിൽ വച്ചു തന്നെ ഇടിച്ചു വീഴ്ത്തി. അനിൽകുമാറിന്റെ ഇടത് കൈയ്ക്കും ഇടതു കാലിനും പൊട്ടലുണ്ട്. സജുവിന്റെ ഇടതു കൈയ്ക്കും കാൽമുട്ടിനും പൊട്ടൽ സംഭവിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലോട് നിന്നും പച്ചക്കറിയും വാങ്ങി മടങ്ങി വരികയായിരുന്നു അനിൽകുമാറും സജുവും. ഇവരെ ഇടിച്ചു വീഴ്ത്തിയ പന്നി ഞാറനീലിയിൽ വളരെ അധികം സമയം ഭീതി പരത്തി ഓടി നടന്നു. ടാപ്പിംഗ് തൊഴിലാളികളാണ് അനിൽകുമാറും സജുവും. പാലോട് റെയിഞ്ച് ഓഫീസ് ജംഗ്ഷനിൽ രണ്ടു ദിവസം മുമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പാലോട് റെയിഞ്ചിൽ മാത്രം 15ലധികം പേരെയാണ് കാട്ടുപന്നി ആക്രമിച്ചത്.