photo

ചിറയിൻകീഴ്: പെരുങ്ങുഴിയിലെ പ്രധാന റോഡുകളിലൊന്നായ മേട ജംഗ്ഷൻ - മൂന്നു മുക്ക് - ശാസ്തവട്ടം റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. റോഡിന്റെ പലഭാഗവും ടാറിളകി, കുന്നുംകുഴിയുമായി. മഴക്കാലമായാൽ റോഡിലെ കുഴികളിൽ വെളളം കെട്ടിക്കിടന്ന് റോഡേത് കുഴിയേതെന്നറിയാൻ കഴിയാത്ത അവസ്ഥയാണ്. കൃഷ്ണപുരം കാട്ടുവിള, കല്ലുവെട്ടാംകുഴി എന്നിവിടങ്ങളിലാണ് കൂടുതലും പൊളിഞ്ഞു കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും രണ്ട് പ്രെെവറ്റ് ബസുകളും നിരവധി സ്കൂൾ ബസുകളും കടന്നുപോകുന്ന റോഡാണിത്. ഇരുചക്രവാഹനയാത്രക്കാരും സ്കൂൾ കുട്ടികളും രോഗികളും കാൽനട യാത്രക്കാരും അടക്കമുള്ളവർ റോഡിന്റെ ഈ ശോചനീയാവസ്ഥയിൽ അസന്തുഷ്ടരും രോഷാകുലരുമാണ്. മാതശ്ശേരിക്കോണം ഗവൺമെന്റ് യു.പി.എസ്, കൃഷ്ണപുരം അങ്കണവാടി, അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോവാനുള്ള റോഡുകൂടിയാണിത്. മാത്രവുമല്ല പെരുങ്ങുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എളുപ്പം ഹൈവേയിൽ പ്രവേശിക്കാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.

കുഴികളാണ് നിറയെ

പലയിടത്തും റോഡിന്റെ ഇരുവശങ്ങളിൽ നിന്നും മഴക്കാലത്ത് മണ്ണ് ധാരാളം അടർന്നുമാറി കുഴികൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളിൽ അകപ്പെടുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണവും കുറവല്ല. മാത്രവുമല്ല ഇത്തരം അവസ്ഥകളിൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടിവരുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല.

പരിഹാരം കാണണം

പ്രായമായ രോഗികളെ പ്രൈമറി ഹെൽത്ത് സെന്ററിലെത്തിക്കുന്ന കാര്യമാണ് ഏറെ കഷ്ടം. എത്രയും വേഗം റോഡ് നവീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. റോഡിൽ മതിയായ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന പരാതിയുമുണ്ട്. തെരുവ് നായ്ക്കളുടെ ശല്യവും ഈ മേഖലയിൽ കൂടുതലാണ്.