നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന ഘോഷയാത്രാ ദിനമായ 31ന് ജില്ലയിൽ അവധി പ്രഖ്യാപിക്കണമെന്ന് ഗുരുധർമ്മപ്രചാരണസഭ. മണ്ഡലം കമ്മിറ്റി ഒരു നിവേദനത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ എല്ലാ ജനങ്ങൾക്കും ശിവഗിരി ഘോഷയാത്രയിലും സമ്മേളനങ്ങളിലും പങ്കെടുക്കാനാവും. ശിവഗിരിയിലെത്തുന്ന തീർത്ഥാടകർ പലരും അരുവിപ്പുറം, ചെമ്പഴന്തി, കുന്നുംപാറ, മണ്ണന്തല, കുളത്തൂർ കോലത്തുകര, ആശാൻ സ്മാരകം, മരുത്വാമല, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. ആ ദിവസം ജില്ലയിലുടനീളം വലിയ ഗതാഗതകുരുക്കനുഭവപ്പെടുന്നു. അവധി നൽകിയാൽ ട്രാഫിക് ബ്ളോക്കിൽ നിന്നും തീർത്ഥാടകർക്ക് യഥാസ്ഥലങ്ങളിലെത്തിച്ചേരാനാവും. ശിവഗിരി തീർത്ഥാടന ദിവസങ്ങളായ 29, 30, 31 ജനുവരി 1 എന്നീ ദിവസങ്ങളിൽ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ശിവഗിരിയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് മറ്റൊരു നിവേദനത്തിലൂടെ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് അഡ്വ.പി.എസ്.മോഹനൻ,സെക്രട്ടറി മുള്ളറവിള വി.ജെ.അരുൺ,ട്രഷറർ പി.ജയപ്രകാശ് എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.