
സംസ്ഥാനത്തെ വനവിസ്തൃതി 11,524 ചതുരശ്ര കി.മീറ്റർ ആണ്. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനം! കുടിയേറ്റങ്ങളും കൈയേറ്റങ്ങളും തുടർച്ചയായി വനഭൂമി അപഹരിച്ചുകൊണ്ടിരിക്കെ, അതിന്റെ പ്രത്യാഘാതങ്ങളും ഗുരുതരം. വർദ്ധിച്ചു വരുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങളാണ് ഏറ്റവും പ്രധാനം. പരിസ്ഥിതി മേഖലകളിലെ ജനവാസവും നിർമ്മാണ പ്രവർത്തനങ്ങളും, പട്ടയ പ്രശ്നങ്ങൾ, കേന്ദ്ര സഹായം കിട്ടായ്ക.... സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? വന്യജീവി സംഘർഷം നിയന്ത്രിക്കുന്ന നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി?
വന്യജീവകളും മനുഷ്യരുമായുള്ള സംഘർഷം വർദ്ധിച്ചു വരുന്നതിന് പ്രധാന കാരണം, മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ പടർന്നുപിടിച്ച് കാടിന്റെ പച്ചപ്പു നഷ്ടപ്പെട്ട് ആവാസവ്യവസ്ഥ ഇല്ലാതായതാണ്. ഒരു ഘട്ടത്തിൽ വനവത്കരണത്തിനായി നമ്മൾ തന്നെ നട്ടുപിടിപ്പിച്ചതാണ് ഇവയൊക്കെ. പക്ഷേ, കാട്ടിലെ ജലലഭ്യത കുറഞ്ഞ് ഭക്ഷ്യവസ്തുക്കൾ ഇല്ലാതായി. കാടിനുള്ളിൽത്തന്നെ ഭക്ഷണവും വെള്ളവും ലഭ്യമായെങ്കിലേ ആവാസവ്യവസ്ഥ ശരിയായ രീതിയിൽ മുന്നോട്ടുപോകൂ.
20,000 ഹെക്ടർ വനഭൂമിയിൽ നിന്ന് തേക്ക് ഒഴികെയുള്ള എല്ലാത്തരം അധിനിവേശ മരങ്ങളും നീക്കംചെയ്യണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനു പക്ഷേ 20 മുതൽ 30 വർഷംവരെ വേണ്ടിവരും. ഓരോ ഹെക്ടറിലെയും മരങ്ങൾ നീക്കംചെയ്ത്, പകരം സസ്യങ്ങൾ അതേസമയത്തു തന്നെ വച്ചുപിടിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ. ജലലഭ്യത ഉറപ്പാക്കാൻ ചെക്ക് ഡാമുകൾ നിർമ്മിക്കുകയും, കുളങ്ങളും വയലുകളും നവീകരിക്കുകയും ചെയ്യുന്നുണ്ട്. വലിയ പണച്ചെലവ് വേണ്ടിവരുന്നതുകൊണ്ട് കേന്ദ്ര സഹായം കൂടി വേണം.
? വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് തടയാൻ ...
ആദ്യം ചെയ്യുന്നത് കാട്ടിനുള്ളിൽത്തന്നെ മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുകയാണ്. അതോടൊപ്പം, വന്യജീവികളുടെ ആക്രമണം തടയുകയും നേരിടുകയും ചെയ്യും. ആക്രമണകാരികളായ വന്യജീവികളെ പിടികൂടി സംരക്ഷിക്കുകയോ ഉൾവനത്തിലേക്ക് അയയ്ക്കുകയോ ചെയ്യേണ്ടിവരും. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ ട്രഞ്ചുകളും സൗരോർജ്ജ വേലികളും സ്ഥാപിക്കുകയാണ് മാർഗം. ഇക്കോ ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കൽ, പ്രതിരോധ സംവിധാനം, അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജ്ജനം, ആവാസ വ്യവസ്ഥ ശക്തമാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി 620 കോടിയുടെ സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്.
? കേന്ദ്രത്തിൽ നിന്നുള്ള സഹായം.
കേന്ദ്ര വനം. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, പദ്ധതി അംഗീകരിക്കാനാവില്ലെന്ന് പിന്നീട് അറിയിക്കുകയാണ് ചെയ്തത്. വന്യജീവി ആക്രമണങ്ങളിൽ മരിച്ചവർക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നുണ്ട്. 10 ലക്ഷം രൂപ വീതമാണ് മരണമടഞ്ഞവരുടെ ആശ്രിതർക്കു നൽകിയത്. അതിന് പ്രത്യേക തുകയൊന്നും കേന്ദ്രം നൽകിയില്ല. ആവശ്യമുള്ള തുക നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. വന്യജീവി ആക്രമണം കാരണമുള്ള നഷ്ടങ്ങൾക്ക് പരിഹാരം നൽകുന്ന കേന്ദ്ര പദ്ധതിയൊന്നുമില്ല. കയറിന്റെ ഒരറ്റത്ത് പശുവുണ്ടെന്ന് പറയുന്നതു പോലെയുള്ള ചില പദ്ധതികളുണ്ട്. അതിന് പണം അനുവദിക്കാറുമുണ്ട്. അതിൽ ഉൾപ്പെടുത്തി നാലു വർഷത്തിനിടെ 1.72 കോടി രൂപയാണ് കേന്ദ്രം നൽകിയത്. സംസ്ഥാനമാകട്ടെ, കഴിഞ്ഞവർഷം മാത്രം 11 കോടി രൂപ വിതരണം ചെയ്തു.
? ചില പദ്ധതികൾക്ക് അനുവദിച്ച പണം ചെലവഴിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടല്ലോ...
കേന്ദ്രാവിഷ്കൃത പദ്ധതിയിൽ പണം ചെലവഴിക്കുന്നതിന് അനുസരിച്ചാണ് ബാക്കി പണം അനുവദിക്കുന്നത്. കരാറുകളും നടപടികളും പൂർത്തിയാക്കി, അന്തിമമായി ബില്ലുകൾ കൈമാറിയാലേ ചെലവഴിച്ച വകയിൽ ഉൾപ്പെടുത്തുകയുള്ളൂ. നിലവിലുള്ള പദ്ധതികളിലും തുടർപ്രവർത്തനങ്ങളിലും അങ്ങനെ ബില്ലുകൾ കൈമാറി, തുക ചെലവഴിച്ചതായി രേഖപ്പെടുത്തുന്നത് അപ്രായോഗികമാണ്. അതുകൊണ്ടാണ് പണം ചെലവഴിക്കുന്നില്ലെന്ന് കേന്ദ്രം പറയുന്നത്.
? ആക്രമണകാരികളായ വന്യജീവികളെ വെടിവയ്ക്കുന്നതിൽ അവ്യക്തത തുടരുകയാണല്ലോ.
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനാണെങ്കിലും, മറ്റു ജീവികളെ വെടിവച്ച് പിടികൂടി കൂട്ടിലടയ്ക്കാനാണെങ്കിലും ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമാണ് അധികാരം. വന്യജീവി ആക്രമണമുണ്ടാകുമ്പോൾ അതിനെതിരെ സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽപ്പോലും ചുരുങ്ങിയത് രണ്ടുദിവസം വേണം. ഈ കാലതാമസമാണ് അടുത്തിടെ വരെ മലയോര മേഖലയിൽ ഏറെ പ്രശ്നമുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ഈ അധികാരം നൽകി ഉത്തരവിറക്കിയത്. പക്ഷേ, ലൈസൻസുള്ള ഷാർപ്പ് ഷൂട്ടർമാരെ കിട്ടണം. അത് എല്ലായിടത്തും നടന്നില്ല.
? കാട്ടുപന്നി ശല്യം കുറയ്ക്കാൻ ഇപ്പോഴത്തെ നടപടികൾ മതിയോ.
കുരങ്ങ്, മയിൽ, കാട്ടുപന്നി എന്നിവയെ ഇപ്പോൾ ഷെഡ്യൂൾ ഒന്നിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയെ വെടിവയ്ക്കാനോ കൊലപ്പെടുത്താനോ പാടില്ല. അതുകൊണ്ട് കാട്ടുപന്നിയെ മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന 'വെർമിൻ" എന്ന പട്ടികയിൽപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് എടുത്തില്ല. നിയമഭേദഗതിയൊന്നും ആവശ്യമില്ലാത്ത കാര്യമായിരുന്നു ഇത്.
? ബഫർസോണിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കുന്നതിലെ നടപടികൾ...
വന്യജീവി സങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും ഇക്കോ സെൻസിറ്റീവ് സോണിലെ ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ ശുപാർശ സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. പക്ഷേ, മതികെട്ടാൻ ഷോലയിലേതിനു മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ബാക്കിയുള്ളവയിൽ വിജ്ഞാപനം ഉടനെയുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. 1977-നു മുമ്പ് കൈയേറുകയോ കുടിയേറുകയോ ചെയ്തവരുടെ പട്ടയം കൊടുക്കുന്നതിന് ആവശ്യമായ ഭൂമി വനംവകുപ്പ് വിട്ടുകൊടുത്തിട്ടുണ്ട്. പല സ്ഥലത്തിനും കേന്ദ്ര അംഗീകാരം കിട്ടിയിട്ടില്ല. ഇതേക്കുറിച്ച് ഞാനും റവന്യു മന്ത്രിയും കേന്ദ്ര മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും അനുമതിയായിട്ടില്ല.