തിരുവനന്തപുരം: വിഴിഞ്ഞം – നാവായിക്കുളം ഔട്ടർറിംഗ് റോഡിനുവേണ്ടിയുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കും.ഔട്ടർറിംഗ് റോഡിനുവേണ്ടിയുള്ള (എൻ.എച്ച് 866) 314 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും ഭൂമിയേറ്റെടുക്കൽ ഘട്ടത്തിലേക്ക് എത്താത്തതിനെ തുടർന്ന് റദ്ദായവ ഉൾപ്പെടെ ഒന്നിച്ചാണ് പുതിയ വിജ്ഞാപനം വന്നത്.

സർവേ നടപടികൾ പൂർത്തിയാക്കി അലൈൻമെന്റ് നിശ്ചയിക്കും.അതിനുശേഷം 3 ഡി (ദേശീയപാത നിയമം മൂന്നാം വകുപ്പ്-ഡി) പ്രകാരമുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമായിരിക്കും വസ്തു ഏറ്റെടുക്കലിലേക്ക് കടക്കുക. മാർച്ചോടെ ഈ നടപടികളെല്ലാം പൂർത്തിയാക്കി ഏപ്രിലോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ദേശീയപാത അതോറിട്ടി.

കേന്ദ്രത്തിന്റെ ആവശ്യങ്ങളെല്ലാം സംസ്ഥാനം അംഗീകരിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്.

11 വല്ലേജുകളിലെ 100.8723 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 1956 ലെ ദേശീയപാത നിയമപ്രകാരമുള്ള അവസാന വിജ്ഞാപനമായ 3 ഡി ഒന്നര വർഷം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.ഈ ഭൂമിയിലെ കെട്ടിടങ്ങളുടെ മൂല്യനിർണയം വീണ്ടും നടത്തുന്നതിനിടയിലാണ് ഏറ്റെടുക്കേണ്ട ബാക്കി ഭൂമിയുടെ സർവേ നമ്പറുകൾ ഉൾപ്പെടുത്തിയുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ഭൂമിയേറ്റെടുക്കുന്നത് - 24 താലൂക്കുകളിൽ നിന്ന്

കൂടുതൽ ഭൂമി വേണം

നേരത്തെ 24 വില്ലേജുകളിൽ നിന്നായി ഏകദേശം 295 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 8 പ്രധാന ജംഗ്ഷനുകളും ഔട്ടർറിംഗ് റോഡ് എൻ.എച്ച് 66 മായി ചേരുന്ന വിഴിഞ്ഞം,നാവായിക്കുളം എന്നിവിടങ്ങളിൽ ട്രംപെറ്റ് ഇന്റർചേഞ്ചും നിർമിക്കുന്നതിനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നതിനാലാണ് പുതിയ വിജ്ഞാപനത്തിൽ 314.20989 ഹെക്ടർ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തിയത്.അലൈൻമെന്റ് പ്രകാരം കല്ലിടുമ്പോൾ ഭൂമിയുടെ അളവിൽ നേരിയ വ്യത്യാസമുണ്ടാകും.

വീണ്ടും ടെൻഡർ
ഭുമിയേറ്റെടുക്കലിലേക്ക് കടക്കുന്നതോടൊപ്പം ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് ദേശീയപാത അതോറിട്ടി വീണ്ടും ടെൻഡർ ക്ഷണിക്കും.വിഴിഞ്ഞം – തേക്കട, തേക്കട – നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി തിരിച്ചാകും ടെൻഡർ ക്ഷണിക്കുക. കഴിഞ്ഞ വർഷം ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാരുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് മുഴുവൻ പ്രവൃത്തികളും ദേശീയപാത അതോറിട്ടി മരവിപ്പിച്ചിരുന്നു.

കേന്ദ്രവ്യവസ്ഥകൾ സംസ്ഥാനം അംഗീകരിച്ചത് ഡിസംബർ 7ന്

 ഭൂമിയേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാനം വഹിക്കും

ജി.എസ്.ടിയിൽ 210.63 കോടി രൂപയും റോയൽറ്റി ഇനത്തിൽ 10.87 കോടി രൂപയും സംസ്ഥാനം ഒഴിവാക്കി