കിളിമാനൂർ: അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധതരം സ്റ്റാറുകൾ, ആശംസാ കാർഡുകൾ എന്നിവയാൽ പാതയോരങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായിക്കഴിഞ്ഞു. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. പാപ്പാത്തൊപ്പി, മാസ്‌ക് എന്നിവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നവരുടെ തിരക്കും ഏറിയിട്ടുണ്ട്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ എന്നിവ കാണാനും വാങ്ങാനുമെല്ലാം ആളുകളെത്തിത്തുടങ്ങി. പല വീടുകളിലും പള്ളികളിലും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീയും ഒരുക്കിയിട്ടുണ്ട്.

10 മുതൽ തുടങ്ങുന്നു

പരമ്പരാഗത പേപ്പർ, പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്കിപ്പോൾ ആവശ്യക്കാരില്ല. എൽ ഇ.ഡി സ്റ്റാറുകൾ, മഴത്തുള്ളി ലൈറ്റുകൾ തുടങ്ങി വിവിധതരം ലൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ ട്രീ മോഡൽ ലൈറ്റുകളും വിപണിയിലെ പുതിയ ട്രെൻഡുകളാണ്. 80 രൂപ മുതലാണ് വില. കുട്ടികൾക്കായി ക്രിസ്മസ് പാപ്പാ മോഡൽ റാകളും ഒരുക്കിയിട്ടുണ്ട്. ബലൂണുകളുടെ വില 10 രൂപ മുതൽ ആരംഭിക്കുന്നു. ഇവയിൽ പാമ്പ് മോഡൽ, ഫുട്‌ബാൾ മോഡൽ എന്നിവയുമുണ്ട്. തൊപ്പി വില 20 മുതലാണ് ആരംഭിക്കുന്നത്. റബ്ബർ മോഡൽ ക്രിസ്മസ് പാപ്പാ മുഖംമൂടിക്ക് 20 രൂപ മുതലാണ് വില. പ്ലാസ്റ്റിക് മോഡൽ മാസ്‌ക്കുകളുടെ വില 120 മുതലാണ് ആരംഭിക്കുന്നു. ഉടുപ്പുകളുടെ വില 160 രൂപയാണ്. 30 രൂപയുടെ വിവിധതരത്തിലുള്ള മാലകളുമുണ്ട്. സ്റ്റിക്ക് വില 80 - 120 എന്നിങ്ങനെയാണ്.