പാറശാല: ധനുവച്ചപുരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ ലഹരി വില്പന സംഘങ്ങൾ സ‌ജീവമാണ്. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് കൊല്ലയിൽ ഗ്രാമ പഞ്ചായത്തും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആൺകുട്ടികൾ മുതൽ പെൺകുട്ടികൾ വരെ ലഹരിക്ക് അടിമയാണെന്നുമാത്രമല്ല ഇക്കാര്യം അറിയാവുന്ന അദ്ധ്യാപകർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. താലൂക്കിന്റെ വിദ്യാഭ്യാസ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഗ്രാമം ഇന്ന് ലഹരി കൈയടക്കിയിരിക്കുകയാണ്. ഇവിടെയെത്തുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും ഭയത്തിലാണ്. ഗുണ്ടാ ആക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും വിദ്യാർത്ഥി പീഡനങ്ങളുടെയും വ്യാജ മദ്യ ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമായും സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളുടെ കേന്ദ്രമായും മാറിയിരിക്കുകയാണ് ധനുവച്ചപുരം.

ആവശ്യം ശക്തം

വളർന്നുവരുന്ന പുതിയ തലമുറയുടെ സംസ്കാരവും ഭാവിയും ഉറപ്പു വരുത്തുന്നതിനായി സമൂഹത്തോടൊപ്പം ബന്ധപ്പെട്ട എക്സൈസ്, പൊലീസ് വിഭാഗത്തിലെ ഉന്നത അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം. എങ്കിലേ ധനുവച്ചപുരം മേഖലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിന് കഴിയൂ. അതിനായി ധനുവച്ചപുരം കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നതാണ് പൊതുവായ ആവശ്യം.

ധനുവച്ചപുരത്തെ ലഹരി വിപണനവും ഗുണ്ടാപ്രവർത്തനങ്ങളും തടയുന്നതിനും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ധനുവച്ചപുരം സ്‌കൂൾ ജംഗ്‌ഷൻ കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചതനുസരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.

എൻ.എസ്.നവനീത് കുമാർ,

പ്രസിഡന്റ് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്.