malinniya-kumbaram

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.കോളേജ് കോമ്പൗണ്ടിൽ മാലിന്യക്കൂമ്പാരമെന്ന് പരാതി. ഗവൺമെന്റ് കോളേജ് ഹോസ്റ്റലിനോട് ചേർന്ന സ്ഥലത്താണ് പഴകിയ ആഹാരസാധനങ്ങളും മറ്റ് മാലിന്യങ്ങളുമടങ്ങിയ മാലിന്യം കൂമ്പാരമായി വർഷങ്ങളായി കിടക്കുന്നത്. മാലിന്യങ്ങൾ ഭക്ഷിക്കാൻ പന്നികളും തെരുവ് നായ്ക്കളും ഈ മേഖലയിൽ തമ്പടിക്കാൻ തുടങ്ങിയിട്ടും നാളുകളായി. ഹോസ്റ്റലിലെ കുട്ടികൾക്ക് പോലും ഇത് വലിയ ഭീഷണിയാണ്. കോളേജ് പ്രിൻസിപ്പൽ നിരവധി തവണ നഗരസഭാ സെക്രട്ടറിക്കും ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മാലിന്യം വലിയ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതായി നാട്ടുകാരും പറയുന്നു. കോളേജിലെ മാലിന്യപ്രശ്നം അടിയന്തരമായി നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്.ശ്രീരംഗൻ പറഞ്ഞു.