തിരുവനന്തപുരം: കാട്ടാക്കട ജംഗ്ഷൻ നവീകരണത്തിന്റെയും റിംഗ് റോഡ് നിർമ്മാണത്തിന്റെയും മൂന്നാം ഘട്ടത്തിന്റെ ആദ്യഭാഗത്തിന് ഭരണാനുമതിയായി. അഞ്ചുതെങ്ങുംമൂട് മുതൽ പൊന്നറ ശ്രീധരൻ സ്മാരക ടൗൺഹാൾ വരെ പുതിയ റോഡ് നിർമ്മിക്കുന്നതിനായി 4.74 കോടി രൂപയ്ക്കാണ് ഭരണാനുമതിയായത്. 260 മീറ്ററാണ് റോഡിന്റെ ദൈർഘ്യം.സൗജന്യമായി സ്ഥലം വിട്ടുകിട്ടിയ ഭാഗത്ത് 8 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഒരുവശത്ത് തോടും മറുവശത്ത് പാടവുമായതിനാൽ ഇവരുവശത്തും സംരക്ഷണഭിത്തികൾ നിർമ്മിക്കും.റോഡിന്റെ തുടക്കത്തിൽ 90 മീറ്റർ ദൈർഘ്യത്തിൽ ബോക്‌സ് കൾവേർട്ടും പണിയും.
കാട്ടാക്കട ജംഗ്ഷൻ വികസനവും റിംഗ് റോഡിന്റെ നിർമ്മാണവും അഞ്ച് ഘട്ടമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.24.11 കോടി രൂപ ചെലവുവരുന്ന നാലും അഞ്ചും ഘട്ടങ്ങളുടെ പണി പുരോഗമിക്കുകയാണ്.
ഇപ്പോൾ ഭരണാനുമതിയായ മൂന്നാം ഘട്ടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.43.76 കോടി രൂപ ചെലവുവരുന്ന ആദ്യ രണ്ടു ഘട്ടങ്ങൾ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ തുടങ്ങാനാകൂ. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കി സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.