തിരുവനന്തപുരം: വിഭാഗീയതയുടെ പേരിൽ അതൃപ്തരായ കൂടുതൽ പേർ സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് മധു മുല്ലശ്ശേരിയും ഡി.വൈ.എഫ്.ഐ നേതാവായ മകൻ മിഥുനും ഇന്നലെ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി അംഗത്വമെടുത്തു. ജില്ലയിലെ ബി.ജെ.പി സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ ഓൺലൈനിലൂടെയാണ് കെ.സുരേന്ദ്രൻ ബി.ജെ.പി അംഗമാക്കിയത്. മധു എട്ട് വർഷം മംഗലപുരം ലോക്കൽ സെക്രട്ടറിയായിരുന്നു. തോന്നക്കൽ എച്ച് ഡബ്ല്യു ട്വന്റി വൺ സഹകരണ ബാങ്ക് പ്രസിഡന്റ്, മംഗലപുരം പഞ്ചായത്ത് മെമ്പർ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷരായ വി.ടി. രമ, സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ്, ജെആർ പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.