
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം രംഗം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല, ഈ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളോടാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസത്തിന്റെ നവീകരിച്ച വെബ്സൈറ്റ് മാസ്കോട്ട് ഹോട്ടലിൽ നടത്തിയ ചടങ്ങിൽ പുറത്തിറക്കുകയായിരുന്നു മന്ത്രി.
ഉപഭോക്തൃ സൗഹൃദ രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ആഭ്യന്തര,വിദേശ വിനോദസഞ്ചാരികളെ ഇതിലൂടെ ആകർഷിക്കാനാവും. 2023-24 കാലഘട്ടത്തിൽ മാത്രം ഒരു കോടിയോളം സന്ദർശകർ കേരള ടൂറിസം വെബ്‌സൈറ്റിനുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം ഉത്പന്നങ്ങൾ, പദ്ധതികൾ, ഹോട്ടലുകൾ, ഭക്ഷണം, ഉത്സവങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്.
വേഗതയുള്ള നാവിഗേഷനും പ്രത്യേകതയാണ്. യാത്രികർക്ക് ഫോട്ടോകൾ,വീഡിയോകൾ,വിവരണങ്ങൾ എന്നിവ പങ്കിടാനാകും. 20ലധികം ഭാഷകളിൽ വെബ്സൈറ്റ് ലഭ്യമാണ്. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡിഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ്.പി തുടങ്ങിയവർ പങ്കെടുത്തു. കേരള ടൂറിസത്തിന്റെ ഔദ്യോഗിക സൊല്യൂഷൻ പങ്കാളിയായ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡാണ് വെബ്‌സൈറ്റ് നവീകരിച്ചത്. വിലാസം: http://www.keralatourism.org/