rto-parisodhana

ആറ്റിങ്ങൽ: സ്വകാര്യ ബസ് സർവീസുകൾ കുത്തഴിഞ്ഞതോടെ നിരവധി ഗതാഗത പ്രശ്നങ്ങളും ആരംഭിച്ചു. അപകടങ്ങൾ വർദ്ധിച്ചതോടെയും സ്വകാര്യ ബസ് തടയൽ സമരങ്ങൾക്ക് പരിഹാരം കാണാനുമായി മോട്ടോർ വാഹനവകുപ്പ് സമഗ്ര പരിശോധനയുമായി രംഗത്തിറങ്ങി. സ്പീഡ് ഗവേൺ, എയർഹോൺ, ടയർ എന്നിവ അടക്കമുള്ള പരിശോധനകൾ മോട്ടോർ വെഹിക്കിൾ വിഭാഗം പരിശോധന നടത്തി. നിലവിൽ പരിശോധനയും ബോധവത്കരണവും നിർദ്ദേശങ്ങളുമാണ് ബന്ധപ്പെട്ടവർ നൽകിയത്. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ ബസുകളുടെ പരിശോധനയ്ക്കൊപ്പം കെ.എസ്.ആർ.ടി ബസുകളിലും അധികൃതർ പരിശോധന നടത്തി. നിർദ്ദേശങ്ങൾ നടപ്പാക്കാത്ത സ്വകാര്യ ബസ് കസ്റ്റഡിലെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ 27ന് സ്വകാര്യ ബസ് തട്ടി 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതു മുതൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പത്താം ക്ലാസുകാരന്റെ കാലിൽ കാർ കയറി പരിക്കേറ്റതടക്കം നിരവധി വാഹനാപകടങ്ങൾ കഴിഞ്ഞദിവസങ്ങളിലായി അരങ്ങേറി. പരിക്കേറ്റ 3 വിദ്യാർത്ഥികളെ തിരിഞ്ഞു നോക്കാതെ പോയ സ്വകാര്യ ബസിലെ കണ്ടക്ടർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല.

നിർദ്ദേശങ്ങൾ

സ്വകാര്യ ബസ് ജീവനക്കാർക്ക് നെയിം ബോർഡ് നിർബന്ധമാക്കി

ഡ്രൈവറുടെ ക്യാബിനുള്ളിൽ മറ്റുള്ളവർക്ക് കർശന വിലക്ക്

വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരു രൂപയാണ് ചാർജ്.

5 കിലോമീറ്ററാണെങ്കിൽ 2 രൂപയും. കൂടുതൽ ചാർജ് ഈടാക്കരുത്

ഗതാഗത നിയമലംഘനം

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ നിന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനം ആരംഭിക്കുന്നത്. ചിറയിൻകീഴ്,വക്കം,വർക്കല,കടയ്ക്കാവൂർ മേഖലയിൽ നിന്ന് വരുന്ന ബസുകൾ കച്ചേരി ജംഗ്ഷൻ വഴി ദേശീയപാതയിലൂടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറണമെന്നാണ് പെർമിറ്റ്. അത് പാലിക്കാതെയാണ് ബസുകൾ പാലസ് റോഡുവഴി യാത്ര തുടരുന്നത്.

ഗതാഗതക്രമീകരണം

നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗതാഗതക്രമീകരണങ്ങൾ കൃത്യമായി നടപ്പാക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

യോഗം ചേർന്നില്ല

ഗതാഗത ക്രമീകരണങ്ങൾ നടപ്പാക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും യോഗം ചേർന്നിട്ടില്ല. അടുത്തിടെ ആറ്റിങ്ങൽ ഡിവൈ.എസ്.പി വിളിച്ചുചേർത്ത യോഗത്തിൽ മോട്ടോർവാഹന വകുപ്പടക്കം നിരവധി പേരെ അറിയിച്ചില്ല. അതുകൊണ്ടുതന്നെ അന്നെടുത്ത തീരുമാനം നടപ്പാക്കാൻ പൊലീസിന് കഴിയുന്നില്ല.

പൊലീസ് എയ്ഡ്പോസ്റ്റ്

നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് നടപ്പാക്കാൻ നടത്തിയ നീക്കം ആറ്റിങ്ങൽ നഗരസഭയുടെ അനുമതിയില്ലാതെ കിടക്കുകയാണ്. സ്റ്റാൻഡിനുള്ളിൽ ഭൂരിഭാഗം സമയം പൊലീസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ പലപ്രശ്നങ്ങളും ഒഴിവാകുമെന്ന് യാത്രക്കാർ പറയുന്നു.