തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമസമിതിയിൽ എന്താണ് സംഭവിക്കുന്നത്.? അമ്മത്തൊട്ടിൽ സ്ഥാപിച്ച് മാതൃക കാട്ടിയ സ്ഥാപനത്തിൽ ഉയരുന്ന
ശിശുരോദനത്തെക്കുറിച്ചും ക്രൂരമായ പെരുമാറ്റങ്ങളെക്കുറിച്ചും പരമ്പര ആരംഭിക്കുന്നു ശിശു ക്ഷേമമോ? രോദനമോ?
------------------------------------------------------------------
കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരി ആയയുടെ ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ശിശുക്ഷേമസമിതിയിലെ ആയമാരിൽ ചിലരുടെ മനുഷ്യപ്പറ്റില്ലായ്‌മയ്ക്ക് ഇതെഴുതുന്ന ലേഖിക സാക്ഷിയായത് ഇന്നലെ !
നാലുമണിക്ക് സ്കൂൾ വിട്ടെത്തുന്ന കുട്ടികളുമായി ശിശുക്ഷേമസമിതിയിലെ വാഹനം ഗേറ്റ് കടന്നെത്തുന്നു. ബാഗും വാട്ടർബോട്ടിലുമായി മുറ്റത്തേക്കിറങ്ങിയ കുട്ടികളെ വലിയ കെട്ടിടത്തിന്റെ ഒരുവശത്തെ വാതിലിലൂടെ ആയമാർ വേഗത്തിൽ അകത്തുകയറ്റി. പ്രധാനകവാടമായ ഗ്ളാസ് ഡോറിനരികെ കൗതുകം നിറഞ്ഞ രണ്ട് കണ്ണുകൾ... നാലുവയസ് തോന്നിക്കുന്ന ഒരാൺകുട്ടി...
പൊലീസുകാരും കാമറകളും മാദ്ധ്യമപ്പടയും നിറഞ്ഞ റോഡിലെ കാഴ്ചകളിൽനിന്ന് കൗതുകം നിറഞ്ഞ കണ്ണ് പിൻവലിക്കാനാവാതെ അവൻ നോക്കിനിന്നു. ആ കുഞ്ഞിനു നേരെ ആയ രൂക്ഷമായി നോക്കുന്നതും കടുപ്പിച്ച് എന്തോ പറയുന്നതും റോഡിൽനിന്നാൽ കാണാമായിരുന്നു. അടുത്ത നിമിഷം കഴുത്തിൽപ്പിടിച്ച് തള്ളിക്കൊണ്ടാണ് അവർ അവനെ മുന്നോട്ടയച്ചത്.
ആയമാരിൽ ഒരാളുടെ ക്രൂരതയ്ക്കിരയായ പെൺകുഞ്ഞ് തൊട്ടപ്പുറത്തെ കെട്ടിടത്തിലുണ്ട്.... വിവാദസംഭവത്തിൽ മണിക്കൂറുകൾ നീണ്ട കടുത്ത പ്രതിഷേധത്തിന്റെയും ജലപീരങ്കിപ്രയോഗത്തിന്റെയും അല അടങ്ങിയതേയുണ്ടായിരുന്നുള്ളൂ... സ്ഥാപനത്തിനുള്ളിൽ നടന്ന ക്രൂരതയെക്കുറിച്ച് തെല്ലും കുറ്റബോധമില്ലാത്ത മറ്റൊരു 'ആയ' മുഖം കുട്ടിയുമായി ഉള്ളിലേക്ക് മറഞ്ഞു....
ഗേറ്റിനു പുറത്ത് നിന്ന പൊലീസ് ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ അവരിലെ അമ്മയുടെ ആത്മഗതം,' പുറത്തുവന്നതുകൊണ്ട് നമ്മളറിഞ്ഞു. പുറത്തുവരാത്തത് ആരറിയുന്നു.' അമ്മ മരിച്ച് മാസങ്ങൾക്കുള്ളിൽ അച്ഛനും ജീവനൊടുക്കിയ കുഞ്ഞിനാണ് കൊടും ക്രൂരത നേരിടേണ്ടിവന്നത്. ഒന്നര വയസ്സുകാരിയായ അനുജത്തിയും ശിശുക്ഷേമ സമിതിയിൽ അവൾക്കൊപ്പമുണ്ട്.
എന്ത് ക്രൂരത കാട്ടിയാലും പാർട്ടിക്കാരാണെങ്കിൽ സംരക്ഷണം ഉറപ്പ്. കുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയതിന് പുറത്താക്കപ്പെട്ടവർ അതിവേഗം തിരിച്ചെത്തിയതിനെക്കുറിച്ച് ഒരു മുൻ ആയ പറഞ്ഞു.' ഇവിടെ ശിശുക്ഷേമമല്ല നടക്കുന്നത് സാറെ.ശിശുക്കളെ ശിക്ഷിക്കലാണ്...'
നിയമനം
തോന്നുംപടി
ശിശുക്ഷേമ സമിതിയിൽ ആയമാരെ നിയമിക്കുന്നത് തോന്നുംപടി. ശിശുപരിചരണത്തിനാവശ്യമായ യാതൊരു യോഗ്യതകളുമില്ലാത്ത ആയമാരാണ് നിലവിലുള്ളതെന്ന് അറിയുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം വിവാദമായതോടെയാണ് ആയമാരുടെ യോഗ്യതയും ചർച്ചയായത്.
ശിശുക്ഷേമസമിതി പറഞ്ഞിരുന്നത് ആയമാരുടെ യോഗ്യത ബാലസേവിക കോഴ്സാണെന്നാണ്. ഇതിലെ പൊള്ളത്തരം കഴിഞ്ഞദിവസം പുറത്തുവന്നു. പ്രീ പ്രൈമറി അദ്ധ്യാപികമാരാകാൻ ശിശുക്ഷേമസമിതി വർഷങ്ങൾക്ക് മുൻപ് നടത്തിയിരുന്ന ഈ കോഴ്സ് പത്തുവർഷം മുൻപ് നിറുത്തലാക്കിയതുമാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ശിശുപരിചരണവുമായി ഒരു ബന്ധവുമില്ലാത്ത ബാലസേവിക കോഴ്സിന്റെ പേരെടുത്ത് 'പരിച'യാക്കുന്നത്.
നിലവിൽ പ്ളസ് ടു പാസായ ആർക്കും ശിശുക്ഷേമസമിതിയിൽ ആയമാരാകാം. പലരും രാഷ്ട്രീയബന്ധങ്ങളുടെയും ശുപാർശകളുടേയും പേരിലാണ് സമിതിയിൽ കയറിപ്പറ്റുന്നത്. ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ ആരായിരിക്കണം എന്നതിലും കൃത്യമായ മാനദണ്ഡങ്ങളില്ല. ഇന്റർവ്യൂകഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം മാത്രമാണ് ആയമാർക്ക് ലഭിക്കുന്നത്.
ഇവരുടെ ജീവിതപശ്ചാത്തലമോ മാനസികാരോഗ്യമോ പരിഗണിക്കപ്പെടുന്നതേയില്ല. ഇതിന്റെ ഫലം അനുഭവിക്കേണ്ടത് നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളാണ്. തന്റേതല്ലാത്ത കാരണത്താൽ അഭയം കൈവിട്ടുപോയ ഈ കുഞ്ഞുങ്ങൾ സുരക്ഷിതമായ കൈകളാൽ പരിചരിക്കപ്പെടേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?
(തുടരും )