തിരുവനന്തപുരം: രണ്ടരവയസുകാരിയെ ആയ ക്രൂരമായി മർദ്ദിച്ച സംഭവത്തെ തുടർന്ന് ശിശുക്ഷേമസമിതിക്ക് മുന്നിൽ ഇന്നലെയും കടുത്ത പ്രതിഷേധം.മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിഷേധ പ്രകടനവുമായെത്തിയത്.ഇവരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിതയ്ക്ക് സാരമായി പരിക്കേറ്റു. കാലിനും കൈയ്ക്കും പരിക്കുണ്ട്.
കെ.എസ്.ടി.എ ഓഫീസിന് മുന്നിലും ആർട്സ് കോളിന് മുന്നിലും ബാരിക്കേഡുയർത്തി പൊലീസ് വഴിതടഞ്ഞിരുന്നു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ആദ്യ റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ ഒരു പ്രവർത്തക ബാരിക്കേഡിന് മുകളിലൂടെ കയറി മറുപുറത്തെത്തി.തുടർന്ന് ശിശുക്ഷേമസമിതി ഓഫീസിനു നേരെ ഓടിയ ഇവരെ വനിതാ പൊലീസ് ബലം പ്രയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തക മുദ്രാവാക്യം വിളികളുമായി മുന്നോട്ടോടി ശിശുക്ഷേമസമിതി ഓഫീസിന് മുന്നിലുള്ള ബാരിക്കേഡിന് സമീപമെത്തി. പിന്നാലെ മറ്റ് രണ്ടുപ്രവർത്തകർ കൂടി ബാരിക്കേഡ‌് ഭേദിച്ച് ഇവർക്കൊപ്പമെത്തി. കൂടുതൽ പ്രവർത്തകർ ബാരിക്കേഡ് ഭേദിച്ചതോടെ പൊലീസ് രണ്ടാം റൗണ്ടും ജലപീരങ്കി പ്രയോഗിച്ചു.
ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയ മൂന്ന് പ്രവർത്തകരും ഗേറ്രിന് മുന്നിൽ കുത്തിയിരുന്നു.ഒരാൾ ചെറിയ ബാരിക്കേഡ് കടന്നെങ്കിലും അകത്തേക്ക് പ്രവേശിക്കാതെ പൊലീസ് തടഞ്ഞുവച്ചു.തുടർന്നെത്തിയ രണ്ടുപേരെ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത് നന്ദാവനം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. കൂടുതൽ പ്രവർത്തകർ
ബാരിക്കേഡ‌് ഭേദിക്കാൻ ശ്രമിച്ചപ്പോഴാണ് മൂന്നാം പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചത്.ബാരിക്കേഡിന് മുന്നിൽ നിന്നവർ ശക്തമായ ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചുവീണു.
പരിക്കേറ്റ സംസ്ഥാന സെക്രട്ടറി അനിതയെ ഫുട്പാത്തിൽ ഇരുത്തിയായിരുന്നു പിന്നീടുള്ള പ്രതിഷേധം. കുറച്ച് പ്രവർത്തകർ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബാക്കിയുള്ളവർ പ്രതിഷേധം തുടർന്നു.
സംസ്ഥാന സെക്രട്ടറി ഓമന,ജില്ലാ പ്രസിഡന്റ് ഗായത്രി,കോവളം ബ്ളോക്ക് പ്രസിഡന്റ് ബിജി ആനന്ദ്,ബിന്ദു,അതിയന്നൂർ മണ്ഡലം പ്രസിഡന്റ് ഷൈനി,നെയ്യാറ്റിൻകര ബ്ളോക്ക് പ്രസിഡന്റ് അനിത,ജില്ലാ സെക്രട്ടറി ഷീജ എന്നിവർ അറസ്റ്റിലായി. തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി.