bjp-

തൃശൂർ: ബി.ജെ.പി മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് കുന്നംകുളം അക്കിക്കാവ് ഇളയിടത്ത് ഇ. രഘുനന്ദനൻ (74) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു അന്ത്യം. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം, ഹീമോഫീലിയ ഫെഡറേഷൻ ഒഫ് ഇന്ത്യ സൗത്ത് സോൺ ചെയർമാൻ, കക്കാട് വാദ്യകലാ അക്കാഡമി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൃശൂർ പാർലമെന്റ് മണ്ഡലത്തിലും കുന്നംകുളം നിയോജക മണ്ഡലത്തിലും സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 വരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രഘുനന്ദനന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളേജിന് കൈമാറും. കണ്ണുകൾ ഇന്നലെ ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെമ്പാടും ഹീമോഫീലിയ രോഗികൾക്കായി ഒട്ടേറെ സേവന പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്നു. സേവാ പ്രവർത്തനങ്ങൾ പരിഗണിച്ച് തൃശൂർ രാഷ്ട്ര സേവാസമിതി ഏർപ്പെടുത്തിയ പുരസ്‌കാരവും ഷെയർ ആൻഡ് കെയർ എക്‌സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ.രമ രഘുനന്ദനൻ (ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷയുമാണ്)​. മക്കൾ: പരേതനായ കണ്ണൻ, അഡ്വ. ലക്ഷ്മി. മരുമകൻ: അഡ്വ.ശ്യാംജിത്ത്.