തിരുവനന്തപുരം: പട്ടാപ്പകൽ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവ് മോഷ്ടാവെന്ന് സംശയം. വീട്ടുകാരുടെ പരാതിയിൽ പേട്ട പൊലീസ് അന്വേഷണമാരംഭിച്ചു. പേട്ട ഭഗത് സിംഗ് റോഡിൽ ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ലോർഡ്സ് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ സുനിൽകുമാറിന്റെ വീടിന്റെ ഗേറ്രാണ് യുവാവ് ചാടിക്കടന്നത്. ടെറസ്സിൽ നിന്നും സൺഷേഡിലേക്ക് കയറി നിൽക്കുന്നത് വീട്ടുകാർ കണ്ടു. പതിനെട്ട്, പത്തൊൻപത് വയസ് മാത്രം തോന്നിക്കുന്ന യുവാവ് പാന്റ്സും ടീഷർട്ടും ധരിച്ചിരിക്കുകയായിരുന്നു. തുറന്നിട്ടിരുന്ന ജനാല വഴി ഇയാളെ ഡോക്ടറുടെ മകനാണ് കണ്ടത്. എന്തെന്ന് ചോദിച്ചപ്പോൾ വേഗം താഴേക്കിറങ്ങി. മറ്റൊരാളുടെ പേരുപറഞ്ഞ്, അയാളുടെ വീടാണോയെന്നും ചോദിച്ചു. അല്ലെന്ന് പറഞ്ഞതോടെ വേഗം സ്ഥലം വിടുകയായിരുന്നുവെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. വീട്ടുകാർ കൺട്രോൾ റൂമിൽ പരാതിപ്പെട്ടതു കാരണം പൊലീസിന് ഒന്നരമണിക്കൂർ വൈകിയാണ് സന്ദേശം ലഭിച്ച് സ്ഥലത്തെത്താൻ സാധിച്ചത്. അതിനാൽ യുവാവിനെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞില്ല.പേട്ട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.