കൊച്ചി: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ തൃപ്പൂണിത്തുറ ബാലാശ്രമത്തിലെ വാർഡനായിരുന്ന യുവാവിന് 20 വർഷം കഠിനതടവും 1,60000 രൂപ പിഴയും വിധിച്ച് എറണാകുളം പോക്‌സോ കോടതി. പത്തനംതിട്ട നിലക്കൽ പനക്കൽ വീട്ടിൽ രതീഷിനെയാണ് (34) ശിക്ഷിച്ചത്. 2020 ഫെബ്രുവരിയിൽ വിവിധ ദിവസങ്ങളിലാണ് കുട്ടിയെ ഇയാൾ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടി പരാതിപ്പെട്ടത്. തുടർന്ന് ഹിൽപാലസ് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം കുട്ടിയെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റിയിരുന്നു. പ്രതിക്ക് വിവിധ വകുപ്പുകളിൽ ആകെ 50 വർഷം ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി. അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രഭാകരനാണ് ശിക്ഷവിധിച്ചത്. ഹിൽപാലസ് പൊലീസ് ഇൻസ്‌പെക്ടർ കെ.ബി. പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു കോടതിയിൽ ഹാജരായി.