കിളിമാനൂർ: കൂനിൻമേൽ കുരുവെന്ന് പറഞ്ഞതു പോലെയാണിപ്പോൾ പച്ചക്കറി വിലയുടെ അവസ്ഥ. പച്ചക്കറി വില റോക്കറ്റ് വില പോലെ കുതിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഫിൻജാൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശവും ഉണ്ടായി. അതോടെ ഇവിടെ പച്ചക്കറി വിലയും കുതിച്ചുയർന്നു. കഴിഞ്ഞ കുറെ നാളുകളായി സവാള, വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില താഴാതെ നിൽക്കുകയാണ്. ഒക്ടോബറിൽ 35 രൂപയുണ്ടായിരുന്ന സവാളയ്ക്കിപ്പോൾ 50 മുതൽ 70 രൂപ വരെ വിലയുണ്ട്. മാസങ്ങളായി 300 - 330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി 400 രൂപയിലെത്തി. മണ്ഡലകാലമായാൽ പച്ചക്കറികൾക്ക് പൊതുവെ വിലയുയരുമെങ്കിലും ഇത്തവണ കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി ലോഡുകൾ വരാത്തതാണ് വില വർദ്ധനയ്ക്ക് കാരണം. പച്ചക്കറി വില കുതിച്ചുയരുമ്പോൾ സാധാരണക്കാർക്ക് സഹായകമാകേണ്ട ഹോർട്ടികോർപ്പ് സ്റ്റാളുകളും സർക്കാർ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്.
അന്യസംസ്ഥാനങ്ങളെ
ആശ്രയിക്കണം
ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് കാര്യമായി വില വർദ്ധന ഉണ്ടായിട്ടില്ല. പച്ചക്കറിക്ക് പുറമെ നേന്ത്രപ്പഴത്തിനും 70-75 രൂപയായിട്ടുണ്ട്. പ്രാദേശികമായി പച്ചക്കറി ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി. പച്ചക്കറി വിപണിയിൽ 70 ശതമാനത്തോളവും അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്നതാണ്. സവാളയും ഉരുളക്കിഴങ്ങും ചെറിയ ഉള്ളിയും കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും പച്ചക്കറികൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ, പൊള്ളാച്ചി, ഉടുമൽപേട്ട എന്നിവിടങ്ങളിൽ നിന്നുമാണെത്തുന്നത്.
വിലകളിങ്ങനെ
മുരിങ്ങക്കായ: 400
തക്കാളി: 50
കാന്താരി 400
ചെറിയ ഉള്ളി: 70
ഉരുളക്കിഴങ്ങ്: 50
തേങ്ങ: 70
വെള്ളരിക്ക: 40
വഴുതനങ്ങ: 48
ക്യാരറ്റ്: 55
ചേമ്പ്: 100
ചേന: 68
ഏത്തൻ: 70
ബീറ്റ്റൂട്ട്: 50-60
ബീൻസ്: 60
പയർ: 50
ഇഞ്ചി: 80
ചെറുനാരങ്ങ: 80