a

ഉദ്യാനങ്ങൾക്ക് വിരുന്നൊരുക്കുന്ന വസന്തകാലമുണ്ട്, ഏകാന്തനിമിഷങ്ങൾക്ക് ആർദ്രത പകരാൻ മഴക്കാലമുണ്ട്, പുലർകാലങ്ങൾക്ക് ശൈത്യസ്വച്ചത ഏകാൻ മഞ്ഞുകാലമുണ്ട്... അങ്ങനെ ഋതുഭേദങ്ങളുമായി ബന്ധപ്പെടുത്തി ചില കാലങ്ങൾ നമുക്കൊപ്പം സഞ്ചരിക്കാറുണ്ട്. കൊയ്ത്തു കാലവും ഉത്സവകാലവും മണ്ഡലകാലവും നമുക്ക് ചിരപരിചിതങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു കാലം രാഷ്ട്രീയക്കാർ നമുക്ക് സമ്മാനിച്ചിരിക്കുന്നു, 'നിലപാട് മാറ്റ കാലം'. ഇരുട്ടിവെളുക്കുമ്പോഴേക്കും ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്കുള്ള അനായാസ കൂടുമാറ്റം. ഇന്നലെവരെ പിടിച്ച കൊടി വലിച്ചെറിഞ്ഞ്, മറ്റൊരു കൊടിയുമേന്തി ജാഥയുടെ മുൻനിരയിൽ നിൽക്കാൻ യാതൊരു ഉളുപ്പും തോന്നാത്ത അവസ്ഥ. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളുടെയും നേതാക്കളും മത്സരരംഗത്തുണ്ട്. പ്രത്യയശാസ്ത്രം, രാഷ്ട്രീയബോധം, ജനാധിപത്യ മര്യാദ, നിലപാട് തറകളുടെ ബലം, ജനങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങി പതിറ്റാണ്ടുകളായി രാഷ്ട്രീയകേരളം കണ്ടും കേട്ടും പരിചയിച്ചും പോരുന്ന പ്രത്യേകതകൾ പൊടുന്നനെ അപ്രസക്തമാവുന്ന പരിഹാസ്യമായ അവസ്ഥ.

ആശയപരവും പ്രത്യയശാസ്ത്രപരവും നിലപാടുകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പാർട്ടികൾ ഭിന്നിക്കുന്നതും പുതിയ പാർട്ടികളുണ്ടാവുന്നതും സ്വാഭാവികമാണ്. സംസ്ഥാനത്ത് ഇപ്പോഴുള്ള പല പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരത്തിലുള്ള പിളർപ്പ് മൂലം ആവിർഭവിച്ചതുമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രഭാവകാലത്ത് അതിന്റെ അണികളാവാൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങിയ എത്രയോ നേതാക്കൾ പിൽക്കാലത്ത് കോൺഗ്രസ് ബന്ധമുപേക്ഷിച്ച് കമ്യൂണിസ്റ്ര് ആശയങ്ങളിലേക്ക് വന്നു. കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിലെ അഭിപ്രായ ഭിന്നതകളുടെ പരിണിത ഫലമായി പിന്നീട് എത്ര കമ്യൂണിസ്റ്ര് പാർട്ടികളായി അത് തെറ്റിത്തെറിച്ചു. വിപ്ളവത്തിന് തീവ്രത പോരെന്ന കാഴ്ചപ്പാടിൽ അതിതീവ്ര സ്വഭാവമുള്ള എത്ര സംഘടനകൾ രൂപപ്പെട്ടു. 'വളരും തോറും പിളരുകയും പിളരുംതോറും വളരുകയും' ചെയ്യുന്ന പാർട്ടിയെന്ന് കേരള കോൺഗ്രസിനെക്കുറിച്ച് അന്തരിച്ച കെ.എം. മാണി നടത്തിയ പ്രശസ്തമായ പ്രയോഗം പോലും ഈ മാറിമറിയലുകളുടെ ആകെത്തുകയാണ്. പക്ഷെ ഈ പിളർപ്പുകളും ഭിന്നിപ്പുകളും പരിശോധിച്ചാൽ വ്യക്തമാവുന്ന ഒരുകാര്യം, ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴോ, ഒരു തിരഞ്ഞെടുപ്പ് തലേന്നോ ഉണ്ടായതല്ല. ചെറുതായി തുടങ്ങി, ക്രമേണ വളർന്നുവന്ന അസ്വസ്ഥതകളുടെയോ വിയോജിപ്പുകളുടെയോ അഭിപ്രായ വ്യത്യാസങ്ങളുടെയോ ഒക്കെ പര്യവസാനമായിട്ടേ ഇതിനെയെല്ലാം കാണാനാവൂ. സി.പി.എമ്മിന്റെ പ്രൗഢമുഖങ്ങളായിരുന്ന എം.വി രാഘവനും കെ.ആർ.ഗൗരിയമ്മയുമൊക്കെ തട്ടകം വിടേണ്ടി വന്ന സാഹചര്യവും അതിലേക്ക് നയിച്ച കാരണങ്ങളുമൊക്കെ ഭൂതകാല രാഷ്ട്രീയത്തിലെ അടിവരയിട്ട് സൂക്ഷിക്കുന്ന അദ്ധ്യായങ്ങളാണ്. പല വേർപിരിയിലുകളും പല ഒഴിവാക്കലുകളും പല പിന്മാറ്റങ്ങളും രാഷ്ട്രീയ സ്നേഹികളുടെ മനസിൽ നൊമ്പരമായി അവശേഷിക്കുന്നതും ഇക്കാര്യങ്ങളിലെ ധാർമിക-അധാർമിക വശങ്ങളുടെ വിശകലനം കൊണ്ടുമാണ്. അവിടെ നിന്നുകൊണ്ട് ഇപ്പോഴത്തെ ചില കൂടുമാറ്റങ്ങളെ വിലയിരുത്തുമ്പോഴാണ് , അതെല്ലാം ആശയപരമല്ല, അധികാരപരവും ആമാശയപരവും മാത്രമാണെന്ന് വ്യക്തമാവുന്നത്.

നിലനിൽപ്പിനായി

കൂടുമാറ്റം

കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ ചാണക്യൻ ലീഡർ കെ.കരുണാകരന്റെ മകൾ പത്മജയ്ക്ക് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കാറാൻ ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ മറവ് മാത്രം മതിയായിരുന്നു. അന്നുവരെ ബി.ജെ.പിയെക്കുറിച്ച് പറഞ്ഞതെല്ലാം തൊള്ളതൊടാതെ വിഴുങ്ങി, കണ്ണും തെള്ളിച്ചാണ് ബി.ജെ.പി വേദിയിൽ അവർ സെന്റിമെന്റൽ പ്രസംഗം നടത്തിയത്. കേൾവിക്കാരുടെ തൊലി ചുളുങ്ങിയെങ്കിലും അവരുടെ മുഖത്ത് ചളിപ്പിന്റെ ലവലേശമില്ലായിരുന്നു. കോൺഗ്രസ് ഐ.ടി സെല്ലിന്റെ ചുമതലക്കാരനായിരുന്ന അനിൽ ആന്റണി , കോൺഗ്രസിന്റെ ആദർശമുഖമായിരുന്ന എ.കെ.ആന്റണിയുടെ മകൻ -ബി.ജെ.പി തട്ടകത്തിലെത്തിയത് തീരെ ഓർക്കാപ്പുറത്തായിരുന്നു. ആ കൂടുമാറ്റത്തിന് ഒരു ലോക്സഭാ സീറ്റിന്റെ വിലയാണ് ഉണ്ടായിരുന്നതെന്ന് പിന്നീട് രാഷ്ട്രീയകേരളത്തിന് ബോദ്ധ്യമായി. അത് അല്പം പിറകിലുള്ള കാലമെങ്കിൽ, തൊട്ടു മുമ്പു നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്തെ മാറ്റങ്ങളോ.

കെ.പി.സി.സി ആസ്ഥാനത്ത് കേരളത്തിലെ കോൺഗ്രസിന് ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ കരുത്തുകൂടി നൽകാൻ ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന വ്യക്തി, ഡോ.സരിൻ. പാലക്കാട്ടു നിന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിവരെ സഞ്ചരിച്ച സമയമേ വേണ്ടി വന്നുള്ളു കോൺഗ്രസ് പതാക വലിച്ചെറിഞ്ഞ് ചെങ്കൊടിയെ പുണരാൻ. രഹസ്യമായി മനസിൽ താലോലിച്ച നിയമസഭാ സീറ്റ് കൈവിടുന്നു എന്ന് ഉറപ്പായതോടെ അദ്ദേഹത്തിന്റെ കോൺഗ്രസ് പ്രേമം അവസാനിച്ചു. ഇടത് വേദിയിലേക്ക് സ്വീകരിച്ച് മന്ത്രി എം.ബി.രാജേഷും എ.കെ.ബാലനും മറ്റ് നേതാക്കളും ചേർന്ന് സ്ഥാനാർത്ഥിത്വത്തിന്റെ കേക്കിൻ കഷ്ണം വായിലേക്ക് തിരുകി കൊടുത്തപ്പോൾ അമ്പലപ്പുഴ പാൽപായസം കുടിച്ച സായൂജ്യമായിരുന്നു സരിന്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിലെ മറ്റൊരു നേതാവ്, ഷാനിബ് ഓടിക്കയറിയതും സി.പി.എം മാളികയിലേക്കാണ്. തൊട്ടു മുമ്പിലെ ദിവസം വരെ മുഴത്തിന് മൂന്ന് എന്ന കണക്കിൽ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കളിയാക്കിയും കൊഞ്ഞനം കുത്തിയും പ്രസംഗിച്ച തിരുനാവ് ചുരുട്ടിമടക്കി അണ്ണാക്കിലൊതുക്കി.

രണ്ട് പുലികളെ നഷ്ടപ്പെട്ട വേദനയിൽ കോൺഗ്രസ് പുളഞ്ഞു നിൽക്കുമ്പോഴാണ് ബി.ജെ.പി പാളയത്തിൽ നിന്ന് കോൺഗ്രസിലേക്ക് ഒരു വിളി വരുന്നത്. സി.പി.എമ്മിൽ നിന്ന് ആരെയെങ്കിലും അടർത്തി തിരിച്ചടി കൊടുക്കുക അത്ര എളുപ്പമല്ലെന്ന് അറിയാവുന്ന കോൺഗ്രസ് നേതൃത്വം സന്ദീപ് വാര്യരെ വാരിപ്പുണരാൻ തന്നെ തീരുമാനിച്ചു. തന്നെ പുണ്യാളനാക്കാനുള്ള സാക്ഷ്യപത്രവുമായി തുപ്പലിറക്കി വാ തോരാതെ പുകഴ്ത്തിക്കൊണ്ടിരുന്ന എം.വി.ഗോവിന്ദനെയും എ.കെ.ബാലനെയുമൊക്കെ തമസ്കരിച്ച് നേരെ എം.എൻ.സ്മാരകത്തിന്റെ കാലപഴക്കം മനസിലാക്കാൻ പോയി, ഒരു ഗ്ളാസ് വെള്ളം പോലും കിട്ടാതെ പരിക്ഷീണനായി മടങ്ങിയ ഭിക്ഷാംദേഹിക്ക് കോൺഗ്രസിന്റെ ഉള്ളുതുറന്നുള്ള വിളി ഉൾപ്പുളകമായി. തലേന്ന് വരെ ചാനൽ ചർച്ചകളിൽ സി.പി.എം നേതാക്കളെയും മുഖ്യമന്ത്രിയെയും കോൺഗ്രസ് നേതാക്കളെയും രാഹുൽഗാന്ധിയെയും അറിയുന്ന പദങ്ങളെല്ലാമുപയോഗിച്ച് ആട്ടിക്കൊണ്ടിരുന്ന സന്ദീപിന് , കോൺഗ്രസ് നൽകിയത് നാരങ്ങാ നീരല്ല, ജീവിതരസായനമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസമെത്തി ഗാന്ധിജിയുടെയും നെഹ‌്റുവിന്റെയും ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയുമൊക്കെ ചിത്രങ്ങൾക്ക് മുമ്പിൽ വളഞ്ഞു കുത്തി നിന്ന് നടത്തിയ ആ തൊഴുതു നമസ്കരിക്കലിന് ആത്മാർത്ഥതയുടെ അംശം കാണുമോ.

ഇതെല്ലാം കണ്ട കേരളം വീണ്ടും അമ്പരന്നത് മറ്റു രണ്ട് മറുകണ്ടം ചാട്ടം കൂടി അറിഞ്ഞപ്പോഴാണ്. ആലപ്പുഴ ജില്ലയിൽ കായംകുളത്ത് വളരെ പ്രതീക്ഷയോടെ സി.പി.എം വളർത്തിക്കൊണ്ടു വന്ന യുവനേതാവ് ബിപിൻ സി ബാബു കുറെ നാളുകളായി പാർട്ടി നേതൃത്വവുമായി പടലപിണക്കത്തിലായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വരെയെത്തിയ ബിപിൻ മറുകണ്ടം ചാടുമെന്ന സൂചന പാർട്ടിക്കുണ്ടായിരുന്നെങ്കിലും അത് ബി.ജെ.പിയിലേക്ക് ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ആകെ പകച്ചിരിക്കുമ്പോൾ അതാ വരുന്നു തലസ്ഥാന ജില്ലയിൽ മറ്റൊരു മറുകണ്ടം ചാട്ടം. അവിടെയും നഷ്ടം സി.പി.എമ്മിന്. മംഗലപുരം ഏരിയാ സെക്രട്ടറിയാണ്, സമ്മേളനത്തിന് തൊട്ടു പിറ്റേന്ന് ബി.ജെ.പി നേതാക്കള വട്ടം പിടിച്ചു ചിരിതൂകി നിന്നത്.

ഇതു കൂടി കേൾക്കണേ

ഇങ്ങനെ ദിക്കും ദിശയുമില്ലാതെ മറുകണ്ടം ചാടുന്ന നേതാക്കളെ ഏതു പാർട്ടിയായാലും ഇരു കൈയും നീട്ടി സ്വീകരിച്ചതു കൊണ്ട് എന്തുണ്ട് ഗുണം. കാരണം ഇവർ വീണ്ടും ഇറങ്ങേണ്ടത് ഇന്നലെ വരെ അവർക്ക് വേണ്ടി സിന്ദാബാദ് വിളിച്ച ജനങ്ങളുടെ ഇടയിലേക്കാണ്. വാക്കിന്റെയും നാക്കിന്റെയും നിലപാടിന്റെയും വില ജനം നല്ലപോലെ വിലയിരുത്തും.