heli-turism

കടലും കായലും മലനിരകളുമെല്ലാം ഉൾപ്പെട്ട മനോഹരമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കേരളം. സംസ്ഥാനത്തിന്റെ വിസ്‌തൃതി കുറവായതിനാൽ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഇതെല്ലാം ആസ്വദിക്കുവാൻ വിനോദസഞ്ചാരികൾക്ക് കഴിയുമെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ മുഖ്യം. ഒരു ടൂറിസ്റ്റിനെ സംബന്ധിച്ച് യാത്രാസൗകര്യവും ക്രമസമാധാനപാലനവും മെച്ചപ്പെട്ടതാണെങ്കിൽ മറ്റുള്ളതൊന്നും വലിയ വിഷയമാകില്ല. നല്ല കാലാവസ്ഥയും നല്ല ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും കേരളത്തിലെ മിക്കവാറും എല്ലാ ടൂറിസം കേന്ദ്രങ്ങളിലും അനുഭവിക്കാനാകും. ദേശീയപാതയുടെയും മറ്റും പണി നടക്കുന്നതിനാൽ റോഡ് മാർഗമുള്ള യാത്ര ഇപ്പോൾ ദുഷ്‌കരമാണ്. ഇത്തരം ഘട്ടങ്ങളിലാണ് ഹെലി ടൂറിസത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. സംസ്ഥാനത്തിന്റെ ഹെലി ടൂറിസം നയത്തിന് വൈകിയാണെങ്കിലും സംസ്ഥാന മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവു പകരാൻ വഴിതെളിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ എത്തുന്നതിനുള്ള ഹെലികോപ്റ്റർ സർവീസ് ശൃംഖല സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി പോർട്ട്, ഹെലി സ്റ്റേഷൻ, ഹെലി പാഡ് എന്നിവ സജ്ജമാക്കും. ഹെലികോപ്റ്ററുകൾക്ക് പറന്നിറങ്ങാനുള്ള സൗകര്യത്തിനു പുറമേ പാർക്കിംഗിനും അറ്റകുറ്റപ്പണികൾക്കും മറ്റുമുള്ള സൗകര്യങ്ങളും ഒരുക്കും. പീരുമേട്, ബേക്കൽ, വയനാട് എന്നിവിടങ്ങളിൽ ഹെലിക്കോപ്റ്റർ സർവീസിനുള്ള സംവിധാനങ്ങളൊരുക്കുന്നത് പരിഗണനയിലുണ്ട്. ടൂറിസം രംഗത്തേക്ക് കൂടുതൽ സംരംഭകർ കടന്നുവരാൻ പുതിയ ഹെലി നയം വഴിയൊരുക്കുമെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. ഹെലി ടൂറിസത്തിൽ താത്‌പര്യമറിയിച്ച് ചില ഏജൻസികൾ സർക്കാരിനെ നേരത്തേ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചത്.

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ ഹെലി ടൂറിസം പദ്ധതി സഹായകമാകും. ഒരു ദിവസംകൊണ്ടു തന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൻ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പദ്ധതി വഴിയൊരുക്കുമെന്നതിനാൽ ഇത് വിജയകരമായി മാറാനാണ് സാദ്ധ്യത. ഇതോടൊപ്പം തന്നെ സീ പ്ളെയിൻ സർവീസും സമാന്തരമായി നടത്താനായാൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനാവും അത് ഇടയാക്കുക. സീപ്ളെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ കഴിഞ്ഞ മാസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന സീപ്‌ളെയിൻ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ഇറങ്ങിയത്. കൊച്ചിയിൽ നിന്ന് റോഡ് മാർഗം മൂന്നാറിലെത്താൻ കുറഞ്ഞത് നാലു മണിക്കൂർ വേണം. എന്നാൽ,​ സീപ്ളെയിനിൽ ഇതേ ദൂരം കടക്കാൻ 30 മിനിട്ട് മതി. മാത്രമല്ല,​ കേരളത്തിന്റെ ആകാശയാത്ര വേറിട്ടൊരു യാത്രാനുഭവം കൂടിയാവും നൽകുക.

ടൂറിസത്തിനു പുറമെ മെഡിക്കൽ ആവശ്യങ്ങൾക്കും വി.ഐ.പി യാത്രകൾക്കും മറ്റും ഹെലികോപ്റ്റർ സർവീസുകൾ ഉപയോഗിക്കാനാവും. ഇപ്പോൾ ഇത് വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് നടപ്പാക്കുന്നതെങ്കിലും ഭാവിയിൽ ആഭ്യന്തര സഞ്ചാരികളും ഇതിനെ കൂടുതലായി ആശ്രയിക്കാനാണ് സാദ്ധ്യത. അനാവശ്യ വിവാദങ്ങളുയർത്തി ഹെലികോപ്റ്റർ, സീപ്ളെയിൻ സർവീസുകളെ തകർക്കാൻ ആരും ശ്രമിക്കാതിരിക്കുന്നതാണ് കേരളത്തിന്റെ അഭിവൃദ്ധിക്ക് നല്ലത്. വനം വകുപ്പ് പോലുള്ള സർക്കാർ വകുപ്പുകൾ അനാവശ്യമായ ആശങ്കകൾ ഉയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പരിഭ്രാന്തരാക്കാനും തുനിയരുത്. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. കേരളത്തിലെ ടൂറിസം രംഗം മത്സരിക്കുന്നത് മറ്റു സംസ്ഥാനങ്ങളോടല്ലെന്നും ഈ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളോടാണെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ടൂറിസത്തിന്റെ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയ ചടങ്ങിൽ പറഞ്ഞത്. അത്തരമൊരു മത്സരത്തിന് കേരളത്തെ സജ്ജമാക്കാൻ പുതിയ ഹെലി നയം ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം.