
തിരുവനന്തപുരം: ആരുമായും ചർച്ച ചെയ്യാതെ സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എട്ടു വർഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
90,000 പേർക്ക്ജോലി നൽകുമെന്ന് ഉറപ്പു നൽകിയ സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് അർത്ഥം. കഴിഞ്ഞ എട്ടു വർഷവും സർക്കാർ അവിടെ എന്താണ് ചെയ്തത് . അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ .കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കർ ഭൂമി സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും നൽകാനുള്ള ഗൂഢ നീക്കമാണ് തീരുമാനത്തിന് പിന്നിൽ. ഭൂമി കച്ചവടമാണ് സർക്കാർ ലക്ഷ്യമിടുന്നത്.എന്തുകൊണ്ടാണ് പദ്ധതി വഴിയിൽ ഉപേക്ഷിക്കുന്നത്. പെർഫോം ചെയ്യാത്തത് ടീകോം ആണെങ്കിൽ എന്തിനാണ് അവർക്ക് നഷ്ടപരിഹാരം നൽകുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.
കമ്പനിയിൽ 16 ശതമാനമാണ് സർക്കാരിന്റെ ഓഹരി. എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ പദ്ധതി അവസാനിപ്പിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സതീശൻ വ്യക്തമാക്കി.
സി.പി.എമ്മും ബി.ജെ.പിയും സ്മാർട്ട് സിറ്റിയുടെ അന്തകർ: കെ. സുധാകരൻ
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വികസന വിരുദ്ധ സമീപനത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി ഇല്ലാതായതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐ.ടിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഏറെ പിന്നിലായത് ഇടതു പ്രതിലോമ നയങ്ങൾ മൂലമാണ്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2005ലാണ് ഇൻഫോപാർക്കിനോട് അനുബന്ധിച്ചാണ് വ്യവസായ പാർക്ക് ആരംഭിക്കാൻ ഉദ്ദേശിച്ചത്. ദുബായ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും സംസ്ഥാന സർക്കാരുമായി ചേർന്നുള്ള സംയുക്തസംരംഭമാണിത്. അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. കൊച്ചി ഷിപ് യാർഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ബി.ജെ.പി ആക്ഷേപം. ദുരൂഹമായ സാഹചര്യത്തിലാണ് ഇപ്പോൾ കരാർ റദ്ദാക്കിയതെന്നും സുധാകരൻ പറഞ്ഞു.
ടീകോമിൽ നിന്ന് നഷടപരിഹാരം ഈടാക്കണം : ചെന്നിത്തല
സ്മാർട്ട് സിറ്റിയിൽ നിന്ന് ഒഴിവാക്കുന്ന ടീകോമിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും കമ്പനിക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. ടീകോമിന്റെ കരാർ ലംഘനങ്ങൾ സർക്കാർ വ്യക്തമാക്കണം.
ടീകോമിനു വേണ്ടി സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട ബാജു ജോർജിനെ തന്നെ ടീകോമിന് നഷ്ടപരിഹാരം നിശ്ചയിക്കുന്ന കമ്മിറ്റിയിൽ അംഗമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തെ തലവനാക്കി വഴിയോരങ്ങളിൽ സംരംഭം ആരംഭിക്കാൻ കമ്പനി ഉണ്ടാക്കി മാസം മൂന്നു ലക്ഷത്തിലേറെ രൂപ ശമ്പളം നൽകുകയാണ്. ഇതുവരെ എന്തു വഴിയോര സംരംഭമാണ് തുടങ്ങിയത്. ഇതെല്ലാം വൻ അഴിമതികളുടെ തുടർച്ചയാണ്.
246 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ട് ആർക്കു കൊടുക്കുമെന്നതിന്റെ. വിശദാംശങ്ങൾ ഉടൻ പുറത്തുവരും.