prethishedham

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 28ാംമൈൽ പബ്ലിക്ക് മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് 19,20 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ മാർക്കറ്റിൽ കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാവുന്നു.തെരുവ് നായ്ക്കൾ,ഇഴജന്തുക്കൾ ഉൾപ്പെടെയുള്ള ശല്യം അവിടെയുള്ള ചെറുകിട കച്ചവടക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കേണ്ട പബ്ലിക്ക് ടോയ്ലറ്റ് സ്വകാര്യവ്യക്തിയെ ഏൽപ്പിച്ച് അയാളുടെ സൗകര്യത്തിന് മാത്രം ഉപയോഗിക്കുന്ന തരത്തിൽ മാറി.പബ്ലിക്ക് മാർക്കറ്റിൽ കച്ചവടങ്ങൾക്കായി വരുന്നവർക്കും മാർക്കറ്റിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും 50 രൂപ കരാറുകാരൻ ഈടാക്കി കൊണ്ടിരിക്കുകയാണ്. എന്നിട്ടും പഞ്ചായത്ത് അധികൃതർ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും നടപ്പാക്കുന്നില്ല.കൂടാതെ പബ്ലിക്ക് മാർക്കറ്റിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടവും ജീർണാവസ്ഥയിലും പൊളിഞ്ഞു വീഴാറായ നിലയിലുമാണ്. ഈ കാര്യങ്ങൾ പൊതുജനമദ്ധ്യത്തിൽ നിരത്തിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ച പരിപാടി നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പി.ജ്യോതിലാൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജിഹാദ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുബിൻ,മഹിളാ കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ,ബ്ലോക്ക് ഭാരവാഹികളായ എം.എസ്.അരുൺ,ഷെറിൻ,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ,രാഹുൽ,ഷിബു,രാജേഷ്,ഷാനവാസ്,ഷാജി,വിപിൻ ദിനേശ്,ഹക്കീന,കോൺഗ്രസ് നേതാക്കളായ ഹരിഹരൻ,സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.