തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജും ശിശുക്ഷേമസമിതിയും തലസ്ഥാനത്തെ സി.പി.എം സ്പോൺസേർഡ് ക്രിമിനലുകളുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശിശുക്ഷേമ സമിതി അടിയന്തരമായി പിരിച്ചുവിടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ സ്വാധീനക്കുറവുള്ള കാലിൽ ഷൂ ഇട്ട് ചവിട്ടിക്കൊണ്ടാണ് കാൽ വെട്ടിയെടുക്കുമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. ക്രൂരമായ ആക്രമണമാണ് കോളേജിലെ ഇടിമുറിയിൽ വിദ്യാർത്ഥികൾ നേരിടുന്നത്.പാർട്ടി ബന്ധുക്കൾക്കും അടുപ്പക്കാർക്കും ജോലി കൊടുത്ത് കുഞ്ഞുങ്ങളോടുപോലും ക്രൂരത കാട്ടുന്ന വൃത്തികെട്ട സ്ഥലമായി ശിശുക്ഷേമസമിതി മാറി. ആരോപണം നേരിടുന്നവർ തന്നെയാണ് ഇപ്പോഴും അവിടെ തുടരുന്നത്. രണ്ട് സംഭവങ്ങളിലും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും.നഴ്സിംഗ് പ്രവേശനത്തിൽ വലിയ കള്ളക്കച്ചവടമാണ് നടന്നത്. സർക്കാരിന് മെരിറ്റിൽ കിട്ടേണ്ട 37 സീറ്റുകളിലാണ് മാനേജ്‌മെന്റ് പ്രവേശനം നടത്തിയത്. പ്രവേശനം അട്ടിമറിച്ച രണ്ടു മാനേജ്‌മെന്റുകളുമായും സി.പി.എമ്മിന് ബന്ധമുണ്ട്.കേന്ദ്ര സർക്കാരിന്റെ അനുമതിയുമായി വന്നാലും കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന സിൽവർ ലൈൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.