
പതിനൊന്നു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും വിരാമമിട്ട് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റ് അധികാരമേറ്റിരിക്കുകയാണ്. നവംബർ 20-നു നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി, ശിവസേന, എൻ.സി.പി എന്നീ പാർട്ടികൾ ഉൾക്കൊള്ളുന്ന 'മഹായുതി" സഖ്യം 288-ൽ 230 സീറ്റ് നേടി അത്യുജ്ജ്വല വിജയം നേടിയിട്ടും മന്ത്രിസഭാ രൂപീകരണം ഇത്രയധികം നീണ്ടുപോയത് മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം കാരണമാണ്. മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവച്ചിരുന്ന മുൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഫഡ്നാവിസും തമ്മിലായിരുന്നു തർക്കം. 230 സീറ്റിന്റെ വിജയശില്പിയായി കരുതപ്പെട്ടിരുന്ന ഷിൻഡെ മുഖ്യമന്ത്രിപദം കൈവിടാൻ വിസമ്മതിച്ചതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചരിത്രം ആവർത്തിച്ച് സഖ്യം പൊളിയുമോ എന്ന ആശങ്ക വരെ ഒരു ഘട്ടത്തിൽ ഉണ്ടായി.
എന്നാൽ തർക്കം ഒരു പൊട്ടിത്തെറിയിലേക്കു പോകാതെ മൂന്നു സഖ്യകക്ഷികളും പരമാവധി സംയമനം പാലിച്ചതും, പ്രകോപനപരമായ നിലപാട് എടുക്കാതിരുന്നതുമാണ് ഏറെ വൈകിയാണെങ്കിലും തൃപ്തികരമായൊരു ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വോട്ടർമാരെ പരീക്ഷിക്കുന്നതായിരുന്നു മന്ത്രിസഭാ രൂപീകരണത്തിൽ വന്ന കാലതാമസം. 132 സീറ്റുമായി ഏറ്റവും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബി.ജെ.പി, മുഖ്യമന്ത്രി പദത്തിനുവേണ്ടി അവകാശവാദമുന്നയിച്ചത് തികച്ചും സ്വാഭാവികമാണ്. അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ മര്യാദയും വിവേകവും മറ്റു രണ്ട് ഘടകക്ഷികളും കാണിക്കേണ്ടതായിരുന്നു. ഷിൻഡെ ഏറെ ജനസമ്മതനും ഇപ്പോഴത്തെ വിജയശില്പികളിൽ പ്രമുഖനുമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും ഏറ്റവും കൂടുതൽ സീറ്റ് നേടിയ കക്ഷിയെന്ന നിലയിൽ ബി.ജെ.പിയുടെ അവകാശവാദം തള്ളിക്കളയുക അത്ര എളുപ്പമായിരുന്നില്ല. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിക്കും ബി.ജെ.പിയുടെ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതിനോടായിരുന്നു താത്പര്യം.
ഏതായാലും ദിവസങ്ങൾ നീണ്ടുനിന്ന കൂടിയാലോചനകൾക്കുശേഷം മന്ത്രിസഭാ രൂപീകരണത്തിൽ നേരിട്ട തടസങ്ങൾ പറഞ്ഞൊതുക്കിയതിൽ ബി.ജെ.പി നേതൃത്വം തന്ത്രപരമായ വിജയം നേടിയിരിക്കുകയാണ്, രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്ര അധികാര വടംവലിയിൽപ്പെട്ട് ദിശാബോധമില്ലാത്ത സ്ഥിതിയിലേക്കു നീങ്ങുന്നത് ഒഴിവാക്കാൻ സാധിച്ചത് രാഷ്ട്രീയ വിജയം തന്നെയാണ്. അൻപത്തിനാലുകാരനായ ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ എത്തിയിരുന്നു. ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും ഫഡ്നാവിസിനൊപ്പം സ്ഥാനമേറ്റിട്ടുണ്ട്. ഇരുവർക്കും ഡെപ്യൂട്ടി മുഖ്യമന്ത്രിപദമാകും ലഭിക്കുക. മുഖ്യമന്ത്രി പദത്തെച്ചാെല്ലി മാത്രമാല്ല ബി.ജെ.പിയും ശിവസേനയും (ഷിൻഡെ) തമ്മിൽ തർക്കം നീണ്ടുപോയത്. വകുപ്പുകൾ പങ്കുവയ്ക്കലും വലിയ കീറാമുട്ടിയായിരുന്നു. മന്ത്രിസഭ അധികാരമേറ്റെങ്കിലും വകുപ്പ് വിഭജനപ്രശ്നം അങ്ങനെതന്നെ തുടരുകയാണ്.
ആഭ്യന്തരവകുപ്പ് തങ്ങൾക്കു ലഭിച്ചേ മതിയാവൂ എന്ന കടുംപിടിയിലായിരുന്നു ആദ്യംതാെട്ടേ ഷിൻഡെ. മുഖ്യമന്ത്രിപദം കൈവിടുന്നതിനു പകരമെന്നോണമായിരുന്നു ഈ അവകാശവാദം. ആഭ്യന്തര വകുപ്പിനു പുറമേ നഗരവികസനം പോലുള്ള കണ്ണായ ചില വകുപ്പുകളും ഷിൻഡെ പക്ഷം ചോദിച്ചിട്ടുണ്ട്. അതുപോലെ, അജിത് പവാർ ധനകാര്യ വകുപ്പിൽ നോട്ടമിട്ട് കാത്തിരിക്കുകയാണ്. ചർച്ചകളിലൂടെ വകുപ്പു വിഭജനവും ഏവർക്കും തൃപ്തികരമായ നിലയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഖ്യനേതൃത്വം. ജനങ്ങൾക്കു നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് മഹായുതി സഖ്യം നേരിടാൻപോകുന്ന വലിയ വെല്ലുവിളി. രണ്ടര കോടിയോളം വരുന്ന സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നിറവേറ്റേണ്ടതുണ്ട്. കർഷകരുടെ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മ കുറയ്ക്കാനുള്ള നടപടികളും മുൻഗണനാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതുണ്ട്. കഴിവുള്ള നേതൃത്വമാണ് മന്ത്രിസഭയെ നയിക്കുന്നതെന്ന വസ്തുത പരിഗണിക്കുമ്പോൾ മഹാരാഷ്ട്ര ഒരിക്കൽക്കൂടി വൻ പുരോഗതിയിലേക്കു കുതിക്കുമെന്ന് പ്രതീക്ഷിക്കാം.