ko

കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ തിരുവല്ലം ടോൾ ഗേറ്റിനും വാഴമുട്ടം ജംഗ്ഷനുമിടയിൽ അപകടങ്ങൾ വർദ്ധിക്കുന്നു. അപകടമൊഴിവാക്കാൻ ബൈപാസ് അധികൃതർ ടോൾ ഗേറ്റ് ഭാഗങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും നിരവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്.

നിരന്തരം അപകടങ്ങളുണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. രാത്രി ഇവിടെ വഴിവിളക്കില്ലാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.നിലവിൽ കോവളം ജംഗ്ഷനിൽ രാവിലെ 8 മുതലാണ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നത്.എന്നാൽ തിരക്കുള്ള ജംഗ്ഷനിൽ രാവിലെ 7 മുതൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ പരിശോധന ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം അപകടത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞ വാഴമുട്ടത്ത് നാട്ടുകാർ പ്രതിഷേധ കൂട്ടായ്മ വരെ സംഘടിപ്പിച്ചിരുന്നു.

വാഴമുട്ടത്തിനും ചുടുകാടിനും ഇടയിൽ അടിപ്പാത നിർമ്മിക്കുക,ചുടുകാട് ക്ഷേത്ര മീഡിയനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക,വെള്ളാർ മുതൽ ചുടുകാട് വരെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക,കോവളം - തിരുവല്ലം ബൈപാസിൽ രാവിലെ 5മുതൽ 9വരെ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുക, ബൈപാസിൽ ടോൾപ്ലാസ മുതൽ വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക,അപകടമേഖല ബോർഡുകൾ സ്ഥാപിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുടുകാട് ദേവീ ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനവും നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി ബൈപാസ് അധികൃതരുമായി സംസാരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ തിരുവല്ലം - കോവളം ബൈപാസിൽ മരിച്ചത് - 20 ഓളം പേർ

ഗുരുതരമായി പരിക്കേറ്റത് - 50 ഓളം പേർക്ക് (പ്രദേശവാസികൾ പറയുന്നു)

നിരന്തരം അപകടങ്ങൾ

കഴിഞ്ഞ ദിവസം ചുടുകാട് ക്ഷേത്രത്തിനു സമീപം റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടായ അപകടത്തിൽ പാച്ചല്ലൂർ വില്ല്യൻചിറ സ്വദേശിയായ സുധാകരൻ മരിച്ചു. ഏതാനും ആഴ്ചകൾക്കു മുമ്പ് ഉച്ചയ്ക്ക് റോഡ് മുറിച്ച് കടക്കവേ യുവാവിനെ ബൈക്കിടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേറ്റിരുന്നു.അപകടങ്ങൾ തുടർക്കഥയായിട്ടും ബൈപാസ് അധികൃതരോ ട്രാഫിക് പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.തിരുവല്ലം - വാഴമുട്ടം - വെള്ളാർ റോഡുകൾ തമ്മിൽ ബൈപാസിൽ കയറുന്ന ഭാഗത്താണ് സ്ഥിരമായി അപകടങ്ങൾ നടക്കുന്നത്.