തിരുവനന്തപുരം:വയനാട്ടിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് പണം നൽകണമെന്ന് കേന്ദ്രത്തോടെ
യാചിക്കുകയല്ലെന്നും,ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാർ നിർവഹിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യംകണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. രണ്ടോ മൂന്നോ വാർഡ് മാത്രമാണ് ഒലിച്ചുപോയതെന്നു പറഞ്ഞ് ദുരന്തബാധിതരെയും കേരളത്തെയും അപഹസിക്കുകയാണ് ബി.ജെ.പി നേതാക്കൾ ചെയ്യുന്നത്.ലോകത്തിനുതന്നെ മാതൃകയാകുന്ന നിലയിലുള്ള പുനരധിവാസമാണ് വയനാട്ടിൽ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.. രണ്ടായിരത്തോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. അവരുടെ ഭാവി ജീവിതംകൂടി കണ്ടാണ് രണ്ടായിരത്തിലധികം കോടി രൂപയുടെ ധനസഹായം കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം നിവേദന രൂപത്തിൽ കേരളത്തിൽനിന്നുള്ള എം.പിമാർ യോജിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കൈമാറിയത് സ്വാഗതാർഹമാണ്. കേരളത്തിന്റെ പൊതുവികാരമെന്ന നിലയിൽ ഇനിയും യോജിച്ചു മുന്നോട്ടു പോകാനാകണം.കേരളത്തിന്റെ ആവശ്യം ഉന്നയിച്ച് നിവേദനം നൽകുന്നതിൽ നിന്ന് മൂന്ന് ബി.ജെ.പി എംപിമാർ വിട്ടു നിന്നു.. കേന്ദ്രം സഹായം നൽകിയാലും ഇല്ലെങ്കിലും വയനാട്ടിൽ ലക്ഷ്യമിട്ട പുനരധിവാസ പദ്ധതി കേരളം നടപ്പാക്കുമെന്ന് ഗോവിന്ദൻ
പറഞ്ഞു...
മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം രാജ്ഭവനു മുന്നിൽ പൊലീസ് തടഞ്ഞു.ധർണയിൽ സി.പി.എം ജില്ലാ സെക്രട്ടറി വി ജോയി എം.എൽ.എ അധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കൊല്ലംകോട് രവീന്ദ്രൻ നായർ, അഡ്വ. സതീഷ്‌കുമാർ, വി സുരേന്ദ്രൻ പിള്ള, ഉഴമലയ്ക്കൽ വേണുഗോപാൽ, വാമനപുരം പ്രകാശ് കുമാർ, എം എം മാഹീൻ, പൂജപ്പുര രാധാകൃഷ്ണൻ, ബിനോയ് ജോസഫ്, അഡ്വ. പോത്തൻകോട് രവീന്ദ്രൻ, ചാൾസ് ജോർജ്, ശശികുമാർ ചെറുകോൽ, എ.എൽ.എം കാസിം , മാങ്കോട് രാധാകൃഷ്ണൻ എസ് ഫിറോസ് ലാൽ. ആനാവൂർ നാഗപ്പൻ, പി ബിജു,എം വിജയകുമാർ,മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.