തിരുവനന്തപുരം: നിറമുള്ള വളകൾ കാണുമ്പോൾ ആയിരം സൂര്യന്മാർ ഒന്നിച്ചുദിക്കേണ്ട മുഖം... പക്ഷേ അതുണ്ടായില്ല... ദിവസങ്ങൾക്കു മുമ്പ് ആയമാരുടെ ക്രൂരതകളേറ്റുവാങ്ങിയ ഓമനക്കുഞ്ഞ് ശിശുക്ഷേമസമിതിയുടെ ഒന്നാംനിലയിലെ മുറിയിലിരുന്നു.... ഓഫീസിലെ വനിതാ ഉദ്യോഗസ്ഥർ ഇരുവശത്തുമിരുന്ന് അവളെ ചിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചു... പുതിയ വളകൾക്കോ കളിപ്പാട്ടങ്ങൾക്കോ ചിരി വിരിയിക്കാനാവാത്തത്ര വിഹ്വലമായിരുന്നു രണ്ടരവയസ്സുള്ള കുഞ്ഞുമുഖം...

അമ്മയെന്ന അഭയം എന്നേക്കുമായി അടഞ്ഞ് അധികം വൈകും മുമ്പേ അച്ഛന്റെ വിരൽത്തുമ്പും നഷ്ടമായി,​ അവൾക്കും അനിയത്തിക്കും...ജീവിക്കാൻ ധൈര്യമില്ലാത്ത അച്ഛൻ പിന്നിലുപേക്ഷിച്ചത് രണ്ടരയും ഒന്നരയും പ്രായമുള്ള, അനാഥത്വം എന്തെന്നറിയാത്ത കുരുന്നുകളെ...

ഇങ്ങനെ അഭയം അറ്റുപോയ നിരവധി കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയിലെത്തുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമെത്തുന്ന കുഞ്ഞുങ്ങളിൽ വിവിധ ദുരനുഭവങ്ങളുടെ ബാക്കിപത്രങ്ങളും അനാഥത്വം പേറുന്നവരുമുണ്ട്. ജന്മം നൽകിയവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞുങ്ങളാണ് വേറൊരു വിഭാഗം.

നവജാതശിശുക്കൾ മുതൽ ആറുവയസുയുള്ള കുട്ടികളെവരെ ശിശുക്ഷേമസമിതി ദത്ത് നൽകുന്നുണ്ട്. സെൻട്രൽ അഡോപ്‌ഷൻ അതോറിട്ടി വഴിയാണ് ദത്തിന്റെ നടപടിക്രമങ്ങൾ. ആറുവയസിന് മുകളിൽ പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളെ ശിശുക്ഷേമസമിതിയിൽത്തന്നെ പാർപ്പിക്കും.

ഹൃദയം പൊള്ളുന്ന വാക്കുകൾ

ഒരു ബസിൽ യാത്ര ചെയ്യുന്നതുപോലെയാണ് ഞാനവിടെ കഴിഞ്ഞത്. കുഞ്ഞുങ്ങളോടുള്ള ക്രൂരത കണ്ട് പ്രതികരിച്ചാൽ മാസങ്ങളോളം ഒറ്റപ്പെടുത്തും. ഇതു പറഞ്ഞത് സമിതിയിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന അമ്മമാരിലൊരാളാണ്. വില്ലത്തികളായ ആയമാർ കൂട്ടംകൂടി ഒറ്റപ്പെടുത്തുകയും ഭരണസമിതിയെ സ്വാധീനിച്ച് പുറത്താക്കുകയും ചെയ്യുമെന്ന ഭയത്താലാണ് പലതും വെളിപ്പെടുത്താത്തതെന്ന് കടുത്ത ദാരിദ്ര്യത്തിൽനിന്ന് ജോലിക്കെത്തിയിരുന്ന ഇവർ പറയുന്നു.

പത്തുവർഷം അവിടെ ജോലിചെയ്തിരുന്ന ആയമാരിൽ ഒരാളുടെ വാക്കുകൾ ‍ഞെട്ടലോടെയേ കേൾക്കാനാവൂ: നാലരവയസുകാരന്റെ കാലിലും ഷോൾഡറിലും ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേറ്റത് ഞാനവിടെ ജോലി ചെയ്തിരുന്ന കാലത്താണ്. എങ്ങനെയാണ് കുട്ടിക്ക് പൊള്ളലേറ്റതെന്ന് അറിയില്ല. അറിയാവുന്നവർ അത് പുറത്തുവിട്ടതുമില്ല. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ സമിതിയിൽത്തന്നെ ചികിത്സിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെങ്കിൽ ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോയെന്ന് അവർ ചോദിക്കുന്നു.

ആയമാർ തമ്മിൽ കുട്ടികളെക്കുറിച്ച് നികൃഷ്‌ടവാക്കുകൾ ഉപയോഗിച്ച് സംസാരിക്കാറുണ്ട്. ബാത്ത് റൂമിൽവച്ച് ഉപദ്രവിക്കുന്നത് ക്യാമറ ഇല്ലാത്ത സൗകര്യത്താലാണ്. കുളിമുറിയിലേക്ക് കുളിക്കാൻ കൊണ്ടുപോകുമ്പോൾ കപ്പ് കൊണ്ട് അടിക്കും. ചീപ്പുകൾകൊണ്ട് അടിക്കുന്നവരുമുണ്ട്. ക്യാമറ പ്രവർത്തിക്കാതിരുന്ന ദിവസങ്ങളിൽ കുട്ടികളെ നന്നായി ഉപദ്രവിക്കുമായിരുന്നു. പ്രാഥമികകൃത്യങ്ങൾക്കായി പോട്ടിയിൽ ഇരുത്തുന്നത് തൂക്കിയെടുത്താണ്. ബലമായി ഇരുത്തുമ്പോൾ കുഞ്ഞുങ്ങൾ വേദനിച്ച് കരഞ്ഞാൽ കാലുകൊണ്ട് പിഞ്ചുകാലുകളിൽ അമർത്തും... ശബ്ദമിടറിക്കൊണ്ടാണ് ആയ പറഞ്ഞുനിറുത്തിയത്.

ഇത്രയും സുരക്ഷ അവകാശപ്പെടുന്ന സ്ഥാപനത്തിൽനിന്ന് മൂന്ന് കുട്ടികൾ ചാടിപ്പോയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതും ഇതേ ആയയാണ്. സംഭവം നടന്നിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. പൊലീസാണ് ഒരു കുട്ടിയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സെക്യൂരിറ്റി തന്നെ അകത്തെത്തിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ ആയമാരെ പുറത്താക്കിയെങ്കിലും വീണ്ടും തിരിച്ചെടുത്തു. എത്ര ഗുരുതരമായ വീഴ്ചവരുത്തിയാലും കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറിയാലും സ്വാധീനമുണ്ടെങ്കിൽ തിരികെ പ്രവേശിക്കാമെന്നും അവർ വെളിപ്പെടുത്തി.(അവസാനിച്ചു)

------------------------

കുഞ്ഞുങ്ങളോട് മോശമായി പെരുമാറുകയോ അവരെ ദ്രോഹിക്കുകയോ ചെയ്യരുതെന്ന കർശന നിർദ്ദേശം നൽകാൻ എല്ലാ ഹോമുകളുടേയും മേധാവിമാർക്ക് കത്തുകൾ അയച്ചിട്ടുണ്ട്. സി.ഡബ്ള്യു.സിയ്ക്ക് കീഴിലുള്ള എല്ലാ ഹോമുകളിലും മിന്നൽ പരിശോധന നടത്തും. രണ്ടുമാസം കൂടുമ്പോൾ ഇൻസ്‌പെക്‌ഷൻ കമ്മിറ്റി സന്ദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഷാനിബ ബീഗം ചെയർപേഴ്സൺ ചൈൽഡ് വെൽഫയർ കമ്മിറ്റി ....................................................... രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്റ്റാഫിന്റേയും മാനസികാരോഗ്യം പരിശോധിക്കും. എല്ലാ കുട്ടികൾക്കും കൗൺസിലിംഗും നൽകും. പൊലീസ് വെരിഫിക്കേഷൻ ആറുമാസത്തിലൊരിക്കൽ നടത്തും. നിയമനം സംബന്ധിച്ച് മാനദണ്ഡം രൂപീകരിക്കും ജി.എൽ.അരുൺഗോപി ജനറൽ സെക്രട്ടറി ശിശുക്ഷേമ സമിതി