
വക്കം: തിരക്കുള്ള പണയിൽക്കടവ് പാലത്തിലെ വഴിവിളക്കുകളുടെ പ്രകാശം നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും നടപടിയില്ല. പണയിൽക്കടവ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് പ്രകാശിക്കാതെ നോക്കുകുത്തിയായിരിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പ്രായഭേദമെന്യേ നിരവധിപേർ പ്രകൃതിഭംഗി ആസ്വദിക്കാനും സായാഹ്നങ്ങൾ ചെലവഴിക്കാനും കായലിൽ നിന്നുള്ള ഇളം കാറ്റേൽക്കുന്നതിനും വേണ്ടിയാണ് രാത്രിയിലും പാലത്തിന്റെ നടപ്പാതകളിൽ സ്ഥാനംപിടിക്കുന്നത്. വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യ മയങ്ങുന്നതോടെ ഇവിടെയെത്തുന്നവർ സ്ഥലംവിടും. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതായും മദ്യപാന്മാരുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ പൊന്നുംതുരുത്തിന്റെ ഭംഗി ആസ്വദിക്കാനും കായലിലൂടെയുള്ള ബോട്ട് സവാരിക്കുമായി എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം കണക്കാക്കാതെയാണ് അധികൃതർ അവഗണന കാട്ടുന്നത്. കായലോര ടൂറിസം വികസനത്തിന്റെ ഭാഗമായി വക്കം, ചെറുന്നിയൂർ പഞ്ചായത്തുകളിൽ 2016-17ൽ അന്നത്തെ എം.എൽ.എ അഡ്വ.ബി.സത്യന്റെ പ്രത്യേക വികസനഫണ്ട് 13,89,900/- അടങ്കൽ തുകയിലാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. പാലത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. വഴിവിളക്കുകൾ മിഴിപൂട്ടിയതോടെ തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത് പതിവാണ്. അതോടെ രാത്രിയിലെ യാത്രകൾ അപകടംപിടിച്ചതാകുന്നു. പാലത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ അടിയന്തരമായി പ്രകാശപൂരിതമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.