
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് യാഡിന് പുറത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്കായി റീച്ച് സ്‌റ്റാക്കർ എന്ന രണ്ട് മൊബൈൽ ക്രെയിനുകൾ ചൈനയിൽ നിന്നും എത്തിച്ചു. കപ്പൽമാർഗ്ഗം കൊച്ചിയിൽലെത്തിച്ച ശേഷം റോഡു മാർഗമാണ് ക്രെയിനുകൾ വിഴിഞ്ഞത്തെത്തിയത്.
കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കത്തിന് ഷിപ്പ് ടു ഷോർ, യാർഡ് ട്രെയിനുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത്തരം ക്രെയിനുകൾ കൊണ്ട് യാഡിന് പുറത്തേക്ക് കണ്ടെയ്‌നർ നീക്കാൻ കഴിയില്ല. റീച്ച് സ്‌റ്റാക്കർ എത്തിയതോടെ കണ്ടെയ്‌നറുകൾ യാഡിന് പുറത്തുള്ള സ്ഥാനങ്ങളിലേക്ക് മാറ്റാനാകും. ക്രെയിൻ ക്യാബിനിലാണ് ഇതിന്റെ നിയന്ത്രണം. ആദ്യഘട്ട പ്രവർത്തനത്തിന് 4 റീച്ച് സ്‌റ്റാക്കറുകളാണ് വേണ്ടത്. ഇവയിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം എത്തിയത്.
ഡോൾഫിൻ ടഗ്ഗ് എത്തി
തുറമുഖത്ത് അനുവദിച്ച നാലാമത്തെ ഡോൾഫിൻ ടഗ്ഗും എത്തി. ഡോൾഫിൻ -29 ആണ് കഴിഞ്ഞ ദിവസം തുറമുഖത്ത് അടുത്തത്. നിലവിൽ 3 ഡോൾഫിൻ ടഗ്ഗുകളും ഓഷ്യൻ സ്‌പാർക്കിൾ എന്ന ടഗ്ഗുമാണ് വിഴിഞ്ഞത്തുണ്ടായിരുന്നത്. ഡോൾഫിൻ -29 എത്തിയതോടെ ഓഷ്യൻസ് പാർക്കിൾ തിരികെ മടങ്ങി. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്നർ കപ്പലുകളെ കപ്പൽ പാതയിൽ നിന്ന് ബർത്തിലേക്ക് എത്തിക്കുന്നതിന് അകമ്പടിയായും സുരക്ഷാ വലയമായുമാണ് ടഗ്ഗുകൾ പ്രവർത്തിക്കുന്നത്.