തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പൊലീസ്. എന്നാൽ പ്രതികൾ കോളേജിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതും കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയെന്നും പരാതിക്കാർ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭിന്നശേഷിക്കാരനായ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിന് മർദ്ദനമേറ്റത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്, സെക്രട്ടറി വിധു ഉദയ, യൂണിറ്റ് അംഗങ്ങളായ മിഥുൻ, അലൻ ജമാൽ എന്നിവർക്കെതിരെയാണ് പരാതി. പരാതി നൽകിയിട്ടും എഫ്.ഐ.ആർ ഇട്ടതല്ലാതെ മറ്റ് നടപടികൾ ഒന്നും സ്വീകരിച്ചില്ല. വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രക്ഷയില്ല. ഇടിമുറി' എന്നറിയപ്പെടുന്ന കോളേജ് യൂണിയൻ ഓഫീസ് മുറിയിൽ ബന്ധിയാക്കി മർദ്ദിച്ചതിന്റെ അടുത്ത ദിവസം അനസ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ജാമ്യമില്ലാവകുപ്പു പ്രകാരം എട്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

അനസിന്റെ മൊഴി ഇന്നെടുക്കും

കോളേജിലെത്തി മഹസർ തയാറാക്കാൻ കന്റോൺമെന്റ് സി.ഐ കഴിഞ്ഞദിവസം അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാൽ ഇതുവരെ പൊലീസ് എത്തിയിട്ടില്ല. അനസ് കോളേജ് അധികൃതർക്ക് നൽകിയ പരാതി അച്ചടക്ക സമിതിക്ക് കൈമാറി. ഇന്ന് അനസിനെയും സുഹൃത്തിനെയും കോളജിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും. ഇവർ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അധിക‌ൃതർ അറിയിച്ചു. ഭിന്നശേഷി കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അനസ് പരാതി നൽകിയിട്ടുണ്ട്.

 വീണ്ടും ഭീഷണി

പരാതി പിൻവലിച്ചില്ലെങ്കിൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അനസ്. അനസിന്റെ സുഹൃത്തിനോടാണ് എസ്.എഫ്.ഐ പ്രവ‌ർത്തകരുടെ ഭീഷണി. പരാതി പിൻവലിക്കാത്ത പക്ഷം കോളേജിൽ കയറിയാൽ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിനുശേഷം അനസ് പേടിച്ച് കോളേജിൽ എത്തിയിട്ടില്ല.

എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ്

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്.എഫ്.ഐക്കാരെ പിടികൂടാത്തതിൽ പ്രതിഷേധവുമായി എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയും സെക്രട്ടറി പി.എസ്. ആന്റസും അറിയിച്ചു.