general

ബാലരാമപുരം: പള്ളിച്ചൽ,​ ബാലരാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ ഗ്രാമീണ റോഡുകളുടെ ടാറിംഗിന്റെ ആദ്യഘട്ടം പൂർത്തിയായി. കുണ്ടും കുഴിയും രൂപപ്പെട്ട് മാസങ്ങളായി തകർന്ന റോഡുകളാണ് ഗതാഗതയോഗ്യമാക്കിയത്. ഏറെ ദുരിതം നേരിട്ട താന്നിവിള റെയിൽവേ ടണലിന് കുറുകെയുള്ള റോ‌ഡിലെ ടാറിംഗ് പൂർത്തീകരിച്ചതാണ് യാത്രക്കാർക്ക് കൂടുതൽ നേട്ടമായത്.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിലുൾപ്പെട്ട മുടവൂർപ്പാറ- താന്നിമൂട് മുക്കമ്പാലമൂട്-നരുവാമൂട് റോഡ് റോഡിന്റെയും ബാലരാമപുരം പഞ്ചായത്ത് റസൽപുരം വാർഡിൽ ഉൾപ്പെടുന്ന ചാനൽപ്പാലം -റസൽപുരം റോഡിന്റെയും ശോചനീയാവസ്ഥയ്ക്കാണ് പരിഹാരമായത്. റോഡിനു സമീപം ഓടയിൽ വെള്ളമൊഴുകിപ്പോകാൻ സൗകര്യമില്ലാത്തതിൽ പരക്കെ ആക്ഷേപമുണ്ട്. ഓടയില്ലാത്ത മുടവൂർപ്പാറ-താന്നിവിള-മുക്കമ്പാലമൂട് ഭാഗത്ത് ഓട നിർമ്മിക്കണമെന്ന് വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും നാട്ടുകാർ നിവേദനം കൈമാറിയിട്ടുണ്ട്.

നവീകരണം പുരോഗമിക്കുന്നു

ഐ.ബി.സതീഷ് എം.എൽ.എ കാട്ടാക്കട നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വഴി നടപ്പാക്കുന്ന 117.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്. മുടവൂർപ്പാറ മുതൽ നരുവാമൂട് വരെ 8.67കോടി രൂപയുടെ നിർമ്മാണജോലികളാണ് നിലവിൽ നടന്നുവരുന്നത്. എരുത്താവൂർ-ചാനൽപ്പാലം-റസൽപുരം റോഡും ഇതിൽ ഉൾപ്പെടും.

രണ്ടാംഘട്ട ടാറിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ

ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിംഗ് ഏകദേശം പൂർത്തിയായി. വാട്ടർ അതോറിട്ടിയുടെ പണികൾ നടുക്കുന്നതിനാൽ വലിയറത്തല കൃഷ്ണപുരം സ്കൂളിനു സമീപം അഞ്ഞൂറ് മീറ്ററോളം ടാറിംഗ് പൂർത്തീകരിച്ചിട്ടില്ല. ഇവിടെ വാട്ടർ അതോറിട്ടിയുടെ പണികൾ വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ഈ ഭാഗത്തെ ടാറിംഗ് നടക്കുകയുള്ളൂ. നേരത്തെ ആദ്യഘട്ട ടാറിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ മഴ വന്നതോടെ ഈ മാസം 25 നകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് എൻ.എച്ച് ഡിവിഷൻ അസി.എൻജിനീയർ അറിയിച്ചു. ബി.എം ആൻഡ് ബി.സി മാതൃകയിൽ മൂന്ന് വർഷത്തെ സുരക്ഷിതത്വമാണ് റോഡുകൾക്കുള്ളത്. ഇതിനിടയിൽ റോഡുകൾക്ക് വിള്ളലുണ്ടായാൽ മെയിന്റനൻസ് വർക്കുകളുടെ ചുമതലയും എൻ.എച്ച് ഡിവിഷന്റേതാണ്.

റസൽപുരം ഗുരുമന്ദിരത്തിന്റെ റോഡിന് സമീപം മെറ്റലിട്ട് കുഴികൾ നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഓട പൂർണമായും അടഞ്ഞതിനാൽ ഈ ഭാഗത്ത് വെള്ളമൊഴുകിപ്പോകാനും സംവിധാനമില്ല. റോഡിന് സമീപം കുഴികളായ ഭാഗങ്ങൾ മെറ്റലിട്ട് ഉയർത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുകയാണ്.