killi

മലയിൻകീഴ്: ഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയായ ഫുൾ ഡെപ്ത് റിക്ലമേഷന് (എഫ്.ഡി.ആർ സാങ്കേതിക വിദ്യ) കിള്ളി-ഇ.എം.എസ് അക്കാഡമി റോഡിൽ തുടക്കം. സംസ്ഥാനത്തിന്റെ റോഡ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിർണായകമാവുന്ന നൂതനാശയം കിഫ്‌ബിയുടെ തിരഞ്ഞെടുക്കപ്പെട്ട റോഡുപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ആരംഭിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ റോഡുൾപ്പെടെ ജില്ലയിലെ 5റോഡുകളുടെ നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് വിശ്വസമുദ്ര എൻജിനിയറിംഗ് തെലുങ്കാന കമ്പനിയാണ്. നിർമ്മാണ വസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയും. പ്രവൃത്തി വേഗത്തിൽ തീർക്കാനാവുന്നതിനൊപ്പം ചെലവും കുറയും. അറ്റകുറ്റപ്പണി കുറവെന്ന മെച്ചവുമുണ്ട്. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്, സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ച്, അതിന് മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യ. 24.45 കോടിയുടെ കിഫ്‌ബി ധനസഹായത്തോടെ 7.6 കിലോമീറ്ററോളം നീളമുള്ള കിള്ളി - ഇ.എം.എസ് അക്കാഡമി റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി ട്രയൽ കഴിഞ്ഞദിവസം കാട്ടാക്കട ഐ.ബി.സതീഷ്.എം.ൽ.എ, മറ്റ് ജനപ്രധിനിധികളുടെയും കിഫ്‌ബി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു.