തിരുവനന്തപുരം:സൂര്യകിരണങ്ങളെ പഠിക്കാനുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്നലെ വൈകിട്ട് 4.04ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒ.യുടെ പി.എസ്.എൽ.വി. സി.59റോക്കറ്റിലായിരുന്നു വിക്ഷേപണം.

ഭൂമിയിൽ നിന്ന് 600കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിച്ചത്. പിന്നീട് 60000 കിലോമീറ്ററിലേക്ക് ഉയർത്തും.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്‌ഐഎൽ) യൂറോപ്യൻ സ്‌പേസ് ഏജൻസിയും (ഇഎസ്എ) സഹകരിച്ചാണ് ദൗത്യം. 1860കോടി രൂപയാണ് ചെലവ്.

ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം കൗണ്ട്ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ശേഷിക്കെ മാറ്റിവച്ചിരുന്നു.

ഇരട്ട ഉപഗ്രഹങ്ങളിലൊന്നായ കൊറോണോഗ്രാഫിലാണ് പ്രശ്നം കണ്ടെത്തിയത്. ഒക്കൾട്ടർ ആണ് രണ്ടാമത്തെ പേടകം.സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ പഠിക്കുകയാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമാണിത്. നേരത്തെയുള്ള രണ്ട് ദൗത്യങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.

550കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യൂറോപ്യൻ ഏജൻസിയുടെ വേഗ - സി.ലോഞ്ചർ റോക്കറ്റിന് ശേഷിയില്ലാത്തതിനാലാണ് ഐ.എസ്.ആർ.ഒ.യുടെ പി.എസ്.എൽ.വി.യെ ആശ്രയിച്ചത്. യൂറോപ്യൻ ഏജൻസിയുടെ അത്യുഗ്രശേഷിയുള്ള ഏരിയൻ റോക്കറ്റിൽ വിക്ഷേപിക്കാൻ ഭീമമായ ചെലവ് വരും.

ഇന്ത്യയുടെ ആദിത്യ എൽ1 ദൗത്യത്തിനായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് വികസിപ്പിച്ച വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് ഉപകരണവും സൂര്യൻ ഏത് സമയത്ത് എത്ര ഊർജ്ജം പുറപ്പെടുവിക്കുന്നു എന്നതും മൊത്തം സൗരവികിരണവും അളക്കുന്ന ഡിജിറ്റൽ അബ്സലൂട്ട് റേഡിയോമീറ്ററും പ്രോബ 3ലുണ്ട്. രണ്ടുവർഷമാണ് കാലാവധി. സൂര്യന്റെ കൊറോണയെ പഠിക്കാൻ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുമെന്നതാണ് പ്രോബ 3 പേടകങ്ങളുടെ സവിശേഷത. നാലുമാസം കഴിഞ്ഞായിരിക്കും ഇത്.