
ബാലരാമപുരം: കച്ചവടത്തിന് ബാങ്കിൽ നിന്നു ലോണെടുത്ത് നൽകാമെന്ന് കബളിപ്പിച്ചതിൽ മനം നൊന്ത് അകരത്തിൻവിള ശ്രീനിലയത്തിൽ ശ്രീജിത്ത് ബാബു(38)ജീവനൊടുക്കിയ സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു. ഭർത്താവിന്റെ മരണത്തിൽ ചില സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്നു കാട്ടി ഭാര്യ വിന്ദ്യ മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ബാലരാമപുരം പൊലീസ് കേസെടുക്കുകയായിരുന്നു. സവാള, ഉരുളക്കിഴങ്ങ് ഹോൾസെയിൽ വിൽപ്പനക്കാരനായിരുന്ന ശ്രീജിത്ത് ബാബു നവംബർ 7 നാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തുക്കളുടെ പ്രലോഭനത്തിൽ കിടപ്പാടമായ അഞ്ച് വസ്തു പണയപ്പെടുത്തി സുഹൃത്തിന് കൈമാറിയിരുന്നു. സുഹൃത്തുക്കളിലൊരാൾ ശ്രീജിത്ത് ബാബുവിന്റെ ചെക്ക് വച്ച് ബാലരാമപുരത്തെ ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപ കബളിപ്പിച്ചെടുത്തെന്ന് പരാതിയിൽ പറയുന്നു.സുഹൃത്തുക്കളിൽ ചിലരുടെ അക്കൗണ്ട് ഡീറ്റെയിൽസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുക്കുകയായിരുന്നു.