മലയിൻകീഴ്: അണപ്പാട് മണിമന്ദിരം വാടക വീട്ടിൽ നിന് 27 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിലായി. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന കിള്ളി കൊല്ലോട് കുമിളി തലക്കൽ പുത്തൻ വീട്ടിൽ നസീം(25),ഭാര്യ ഇലിപ്പോട് ബാലകൃഷ്ണ റോഡിൽ ബൈത്തിനൂർ ഹസ്ന ഷെറിൻ(23)രണ്ട് വയസുള്ള കുഞ്ഞ് എന്നിവരാണ് താമസിച്ചിരുന്നത്. മലയിൻകീഴ് പൊലീസും ഡാൻസാഫ് ടിമും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കിള്ളി കൊല്ലോട് പാറവിളാകത്തു പുത്തൻ വീട്ടിൽ റഫീഖ് (26),കാട്ടാക്കട കൊറ്റംപള്ളി അമ്പലത്തിൻകാല പഞ്ചമി ഹൗസിൽ സന്ദീപ് (26)എന്നിവരും പിടിയിലായി.
എം.ഡി.എം.എ വാണിജ്യാടിസ്ഥാനത്തിലാണ് സൂക്ഷിച്ചിരുന്നത്. പാക്ക് ചെയ്യാനുള്ള പോളിത്തീൻ കവറുകൾ, ഗ്ലാസ് പൈപ്പുകൾ എന്നിവയും കണ്ടെടുത്തു.
പൊലിസ് വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് ഇവർ പൊലിസ് നിരീക്ഷണത്തിലാരുന്നു.സംഭവമറിഞ്ഞ് ഹസ്നയുടെ ബന്ധുക്കളെത്തിയതോടെ കുഞ്ഞിനെ പൊലിസ് കൈമാറി. എക്സൈസ് സംഘവും സ്ഥലത്തെത്തി. നസീം വിളപ്പിൽശാല പൊലിസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് കേസുകളിലെയും സന്ദീപ് കാട്ടാക്കട പൊലിസ് സ്റ്റേഷനിൽ രണ്ട് (307) കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.