photo

നെടുമങ്ങാട് : ഫ്ളൈഓവർ നിർമ്മാണത്തോടനുബന്ധിച്ച് കരകുളം പഞ്ചായത്തിലെ റിംഗ് റോഡുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുന്നു. ടെൻഡർ ചെയ്ത വർക്കുകൾ ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ടു വരാത്തത് തദ്ദേശ ഭരണസമിതിക്കും യാത്രക്കാർക്കും തിരിച്ചടിയായി. തിരുവനന്തപുരം പ്രധാന റോഡിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിച്ചുവിടുന്ന കരകുളം മുല്ലശ്ശേരി- കായ്പ്പാടി, പഞ്ചായത്തോഫീസ് ജംഗ്‌ഷൻ- പിന്നൂർ, പ്ലാവുവിള- എട്ടാംകല്ല്, കരകുളം-വേങ്കോട്,കാച്ചാണി,തറട്ട-ഏണിക്കര, ആറാംകല്ല്-കല്ലയം തുടങ്ങിയ ഇടറോഡുകളാണ് അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുന്നത്. മിക്ക റോഡുകളുടെയും അരികിടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്‌. കരകുളം-പിന്നൂർ പൊയ്പ്പാറ റോഡ് പൂർണമായി തകർന്ന് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുഷ്കരമാണ്. ഗട്ടറുകളിൽ വീണ് സ്ത്രീകളുൾപ്പെടെയുള്ള ഇരുചക്രവാഹന യാത്രികർക്ക് പരിക്കേൽക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ കിഴക്കേലാ, ചെക്കോണം പ്രദേശങ്ങളിലുള്ളവർക്ക് പഞ്ചായത്തോഫീസ്,വില്ലേജോഫീസ്, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിൽ വന്നു പോകുന്നതിനുള്ള മാർഗവും ഈ റോഡാണ്.

സൂക്ഷിച്ചില്ലെങ്കിൽ "കരണത്തടി" ഉറപ്പ്!

മുല്ലശ്ശേരി-കായ്പാടി റോഡിൽ ഇരുവശങ്ങളിലും കാട് വളർന്നുപന്തലിച്ച് വാഹനഗതാഗതത്തിന് തടസമായി കിടക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ യാത്രക്കാർക്ക് 'കാട്ടുകളകളിൽ നിന്ന് ചെകിടത്ത് അടി" ഉറപ്പാണ്. റോഡിലേക്ക് പടർന്നുകിടക്കുന്ന "കാടുംപടലും" നീക്കം ചെയ്യാനും ഇതുവരെ സാധിച്ചിട്ടില്ല.മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഒരു മാസം തികയുമ്പോഴും റിംഗ് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ.അനിൽ ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തോഫീസിൽ രണ്ടുവട്ടം ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും അവലോകനയോഗം വിളിച്ചു ചേർക്കുകയും ആവശ്യമായ ഫണ്ടും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തിരുന്നു.യഥാസമയം ടെൻഡർ നടപടികളിലേക്ക് പോകാത്തതാണ് വർക്ക് ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ടുവരാത്തതിന് കാരണമായി ആരോപിക്കുന്നത്.

കുടുങ്ങുന്നതിലേറെയും ടൂവീലറുകൾ

താലൂക്കുക്കിലെ വിവിധ പ്രദേശങ്ങളിലുള്ളവർ തലസ്ഥാന നഗരിയിലെത്തി മടങ്ങുമ്പോൾ ഇടറോഡുകളിൽ കുടുങ്ങി വലയുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും. ഇതേസമയം, കരാറുറപ്പിച്ച് മെയിന്റനൻസ് വർക്കുകൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നു.