
പോത്തൻകോട്: രക്ഷിതാക്കളുടെ പരാതികളിൽ നടപടികൾ സ്വീകരിക്കാതെ നീട്ടികൊണ്ടുപോകുന്നതാണ് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച അമ്മു എസ്.സജീവിന്റെ പോത്തൻകോട് അയിരൂപ്പാറയിലെ വീട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്യാമ്പസുകളിൽ ഇത്തരം സംഭവങ്ങളുണ്ടാകാതെ നോക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. പരാതിയുമായി ഒരു കുട്ടിയുടെ പിതാവ് അധികാരികൾക്ക് മുന്നിലെത്തിയാൽ അത് ഗൗരവമായി കണ്ട് നടപടിയെടുക്കണം.സ്ഥാപന മേധാവികൾ സ്വന്തം മക്കളെപ്പോലെ ഓരോ കുട്ടിയെയും കണ്ടിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഷൂ ഇട്ട് ചവിട്ടിപ്പിടിച്ചാണ് അവന്റെ കാല് വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ബ്ലോക്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ,എം.മുനീർ,ബാഹുൽ കൃഷ്ണ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.