
തിരുവനന്തപുരം: കേരള ബാങ്കിന്റെ 2025 വർഷത്തെ കലണ്ടർ ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിയ്ക്കൽ പ്രകാശനം ചെയ്തു.
ഡയറക്ടർ ഹരിശങ്കർ.എസ് കലണ്ടറിന്റെ വിഷയത്തെക്കുറിച്ച് വിശദീകരിച്ചു. കേരള ബാങ്കിന്റെ 2025 ലെ കലണ്ടറിന്റെ ആശയം ജീവിതത്തിന്റെ താളം സ്ത്രീ ശക്തീകരണം എന്നതാണ്. കേരള സമൂഹത്തിൽ വിവിധ മേഖലകളിൽ സ്ത്രീകളുടെ ഇടപെടലും മുന്നേറ്റവും കാണിക്കുന്ന പന്ത്രണ്ട് വ്യത്യസ്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് 2025 ലെ കലണ്ടർ താളുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രധാനമായ ഫോട്ടോകൾ പരമ്പരാഗത തൊഴിൽ, ചെറുകിട വ്യവസായം, കൃഷി, ജലോത്സവം, തൊഴിലുറപ്പ്, ഭൂവസ്ത്രം, പശുവളർത്തൽ തുടങ്ങിയവയാണ്. ഇതിൽ ബാങ്കിന്റെ വായ്പാ വിനിയോഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്റെ 823 ശാഖകളുടെയും പേരും വിലാസവും ഐ.എഫ്.എസ്. കോഡ് ഉൾപ്പെടെയുള്ള എല്ലാ വിവരവും, ബാങ്കിന്റെ പുതിയ പരസ്യങ്ങളും കലണ്ടറിൽ നൽകിയ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് അറിയാവുന്നതാണ്. ബാങ്കിന്റെ വായ്പാ പദ്ധതികളുടെ വിവരവും വീഡിയോ ചിത്രങ്ങളും ഇതിലൂടെ ലഭ്യമാണ്.
ബാങ്ക് ഡയറക്ടർമാരായ അഡ്വ. എസ് ഷാജഹാൻ, ഹരിശങ്കർ എസ്, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ബാങ്ക് ചീഫ് ജനറൽ മാനേജർമാർ, ഹെഡ് ഓഫീസിലെ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.