1

പോത്തൻകോട്: നെടുമങ്ങാട്, വാമനപുരം, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പഴകുറ്റി - മംഗലപുരം റോഡിന്റെ മൂന്നാംറീച്ചായ പോത്തൻകോട്-മംഗലപുരം റോഡിനെ മാതൃകാ ഡിസൈൻ റോഡാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പോത്തൻകോട് - മംഗലപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.നാലുവരിപ്പാതയ്ക്ക് സമാനമായി 13.6 മീറ്റർ വീതിയിലാണ് റോഡ് വികസനം സാദ്ധ്യമാകുന്നത്. ബി.എം.ആൻ‌ഡ് ബി.സിയിൽ നിർമ്മിക്കുന്ന റോഡിന്റെ ഇരുവശത്തും ഓടയും കുടിവെള്ള പൈപ്പുകളും വിവിധ കേബിളുകൾ കൊണ്ടുപോകാൻ ഡക്റ്റുകളും ഉണ്ടാകും. 47.83 കോടി രൂപയാണ് പോത്തൻകോട് - മംഗലപുരം റീച്ചിന് വകയിരുത്തിയതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.ജലിൽ, ഇന്നൈസ് അൻസാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബി, ബി.ജെ.പി ജില്ലാട്രഷറർ എം.ബാലമുരളി, കേരള കോൺഗ്രസ്-ബി ജില്ലാ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, ബ്ലോക്ക് അംഗം അനിൽകുമാർ,പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.