a

ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനം ലോകചരിത്രത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ്. മതങ്ങളുടെ ഏകതയ്ക്കു കൈകോർക്കാൻ ലോക മതങ്ങളുടെ പ്രതിനിധികൾ വത്തിക്കാനിൽ പറന്നിറങ്ങി. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. അവർ ശ്രീനാരായണ ഗുരുവിന്റെ തത്വ,​ ദർശനങ്ങൾ ചർച്ച ചെയ്തു. അവർക്ക് ആശീർവാദം ചൊരിയാൻ ലോകാരാദ്ധ്യനായ ഫ്രാൻസിസ് മാർപാപ്പകൂടി എത്തിയതോടെ ലോകത്തിന്റെ കണ്ണും കാതും മനസും സർവമത സമ്മേളനത്തിലേക്ക് തിരിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വാക്കുകൾ കേട്ടു. മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളായി പരസ്പരം സ്നേഹിക്കുന്ന കാലത്തെ മുന്നിൽക്കണ്ടു. മാർപ്പാപ്പയ്ക്ക് ശിവഗിരി മഠത്തിന്റെ ഊഷ്മളമായ കൃതജ്ഞത!

ശ്രീനാരായണഗുരു 1924 മാർച്ച് 20, 21 തീയതികളിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ ശിവഗിരിമഠം തീരുമാനിച്ചപ്പോൾതന്നെ, വത്തിക്കാനിൽ വച്ച് ലോക സർവമത സമ്മേളനം സംഘടിപ്പിക്കുക എന്ന ആശയം ഞാൻ മുന്നോട്ടുവച്ചു. എന്റെ അഭിവന്ദ്യ ഗുരുനാഥനും ശിവഗിരി മഠം പ്രസിഡന്റുമായ സച്ചിദാനന്ദ സ്വാമികൾക്കും ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾക്കും അത് ഇഷ്ടപ്പെട്ടു. നടപ്പാക്കാൻ കഴിഞ്ഞാൽ ഇതിലും നല്ലതു മറ്റൊന്നില്ലെന്ന് അവർ പറഞ്ഞു. അവരുടെ വാക്കുകൾ എനിക്ക് കരുത്തായി. ഞാൻ ഇതു സംബന്ധിച്ച് ശിവഗിരി മഠത്തിന് കത്തുനൽകി. ബോർഡ് യോഗം അനുമതിയും തന്നു.

ഒരു യജ്ഞം

തുടങ്ങുന്നു

അതേത്തുടർന്ന്,​ കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ തിരുമേനിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. അദ്ദേഹം മാർഗദർശനമരുളി. അപ്രകാരം ഞാൻ ചാണ്ടി ഉമ്മൻ എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ശിവഗിരി മഠത്തിലെത്തി ചർച്ച നടത്തി. ക്ളീമിസ് തിരുമേനിയുടെ സഹായത്തോടെ ഫ്രാൻസിസ് മാർപ്പാപ്പയെ കാണാനാകുമെന്ന പ്രത്യാശ ഞങ്ങളിലുദിച്ചു. ക്ളീമിസ് തിരുമേനി വത്തിക്കാനിലാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന സെനറ്റ് നടക്കുകയാണ് അവിടെ. അദ്ദേഹം ഞങ്ങൾക്ക് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. 2024 ഒക്ടോബർ 13. പക്ഷേ വിസ ശരിയാകാത്തതിനാൽ അന്നതു നടന്നില്ല. എനിക്കും ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കും പലവിധ തിരക്കുകൾ. യാത്ര നീണ്ടു. അപ്പോഴേക്കും ക്ളീമിസ് തിരുമേനി നാട്ടിലെത്തി.

ഞാനും ചാണ്ടി ഉമ്മൻ എം.എൽ.എയും കെ.ജി. ബാബുരാജും വത്തിക്കാനിൽ ചെന്ന് നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് തിരുമേനിയെ കണ്ടു. അദ്ദേഹം ഞങ്ങളെയും കൂട്ടി മാർപ്പാപ്പയുടെ വസതിയിലെത്തി. പത്തു മിനിട്ട് കൂടിക്കാഴ്ച. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മാർപ്പാപ്പ പറയുന്നതുകേട്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. അപാരമായ വിജ്ഞാനം! സർവമത സമ്മേളനത്തിൽ നവംബർ 30-ന് പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സന്തോഷത്തോടെ നാട്ടിലേക്കു മടങ്ങി. പിന്നെ നടന്നത് ഭഗീരഥപ്രയത്നം. കൂവക്കാട്ടു തിരുമേനി ഞങ്ങളിലൊരാളായി. കെ.ജി. ബാബുരാജ് ചെയർമാനും ഞാൻ സെക്രട്ടറിയും ചാണ്ടി ഉമ്മൻ എം.എൽ.എ ജനറൽ കൺവീനറും ബിജു ഭാസ്കർ ഡയറക്ടറും ആയുള്ള സംഘാടക സമിതി രൂപീകരിച്ചു. പിന്നെ കൈമെയ് മറന്നുള്ള പ്രവർത്തനങ്ങളായി. ശിവഗിരിമഠം യജ്ഞശാലയായി.

മുഖ്യമന്ത്രി പിണറായി വിജയൻ ലോഗാ പ്രകാശനം ചെയ്തതോടെ വത്തിക്കാൻ സർവമത സമ്മേളനം വമ്പിച്ച മാദ്ധ്യമശ്രദ്ധ നേടി. സമ്മേളന പ്രതിനിധികൾ ഇന്ത്യയിൽ നിന്ന് 170 പേർ. ഇതിൽ ശിവഗിരി മഠത്തിന്റെ പ്രതിനിധികളായി ഞാനും,​ പ്രസിഡന്റ് , ജനറൽ സെക്രട്ടറി , മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമിനി ആര്യ നന്ദാദേവി എന്നിവരും. അമേരിക്ക, ജർമ്മനി, അയർലന്റ്, ഇന്തോനേഷ്യ, യു.എ.ഇ, ബഹറിൻ, കുവൈറ്റ് മുതലായ 14 രാജ്യങ്ങളിൽ നിന്നുള്ളവർ വേറെ. എല്ലാവർക്കും വേണം വിസ. പെട്ടെന്ന് എങ്ങനെ ശരിയാക്കും?​ കൂവക്കാട്ടു തിരുമേനിയും ഇറ്റാലിയൻ എംബസിയും ഒന്നിച്ചു. എല്ലാവർക്കും വിസ റെഡി. അങ്ങനെ വത്തിക്കാൻ സർവമതസമ്മേളനത്തിന് വേദിയൊരുങ്ങി.

നവംബർ 29-ന് ഹോട്ടൽ ലേ മെറിഡിയനിൽ നടന്ന സ്നേഹവിരുന്നോടെയായിരുന്നു തുടക്കം. 30-നു രാവിലെ സമ്മേളന വേദിയായ വത്തിക്കാൻ പാലസിലെ ക്ളെമെന്റൈൻ ഹാളിലേക്ക് (Clementine Hall) ഫ്രാൻസിസ് മാർപ്പാപ്പയെത്തി. ഒരു സാധാരണ മനുഷ്യനെപ്പോലെ! ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന് ആലേഖനം ചെയ്ത മഞ്ഞപ്പട്ടു ഷാൾ അണിയിച്ചും ഗുരുദേവ രൂപങ്ങളാലുള്ള മെമന്റോകൾ സമർപ്പിച്ചും ശിവഗിരിമഠം അദ്ദേഹത്തെ വരവേറ്റു. 'ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് പ്രസക്തിയേറെ, നാമെല്ലാം ഒരു കുടുംബം"- മാർപ്പാപ്പ അനുഗ്രഹ പ്രഭാഷണം ചൊരിഞ്ഞു.

എല്ലാവർക്കുമായി

ഒരു ആലയം

ഗുരുദേവ സങ്കല്പമനുസരിച്ച്, എല്ലാ മതസ്ഥർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ഒരേ കെട്ടിടത്തിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാനുള്ള ആരാധനാലയം നിർമ്മിക്കാൻ ശിവഗിരി മഠം തീരുമാനിച്ചിട്ടുണ്ട്. ഒരേ കെട്ടിടത്തിനകത്ത് മൂന്നു കൈവഴികളിലായി ഇത് ക്രമീകരിക്കും. എല്ലാവർക്കുംവേണ്ടി, ശീതികരിച്ച ഭൂഗർഭ ധ്യാനകേന്ദ്രവും ഒരുക്കും. ശിവഗിരിക്കുന്നിനു താഴെ,​ പാടത്തിനപ്പുറം റോഡരികിൽ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും. ആലുവ സർവമത സമ്മേളനത്തിന്റെ സമാപന സന്ദേശത്തിൽ ഗുരുദേവൻ ആഹ്വാനം ചെയ്തത് ശിവഗിരിയിൽ സർവമത പഠനാലയം സ്ഥാപിക്കുമെന്നതാണ്. അത് ഇന്നവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വത്തിക്കാൻ സർവമത സമ്മേളനാനന്തരം എന്തെന്ന് ഞാൻ ആലോചിച്ചു. അങ്ങനെയാണ് സർവമത ആരാധനാലയം എന്ന ആശയം ഉടലെടുത്തത്. ഇതിന്റെ രൂപരേഖ മാർപ്പാപ്പയ്ക്കു സമർപ്പിച്ച് ആശീർവാദം ഏറ്റുവാങ്ങിയിട്ടുണ്ട്. ഭാരതത്തിന്റെ മഹിമയെ പ്രകീർത്തിക്കുന്ന, കുട്ടികൾ പാടിയ മലയാള ഗാനം മാർപ്പാപ്പ ആസ്വദിച്ചു. ഹാളിൽ സന്നിഹിതരായ ഇരുനൂറോളം പേരിൽ ഓരോരുത്തരെയും പ്രത്യേകം അനുഗ്രഹിച്ചു. അവർ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചു. രണ്ടു മണിക്കൂറോളം അദ്ദേഹം സമ്മേളനത്തിന്റെ ഭാഗമായി. എല്ലാവരുടെയും ഇഷ്ടപ്രകാരം ഫോട്ടോയ്ക്ക് കൂടെനിന്നു. ശിവഗിരി മഠത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിച്ച ശേഷമാണ് മാർപ്പാപ്പ മടങ്ങിയത്.

വൈകിട്ട് നടന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, വിവിധ മതങ്ങളുടെ പ്രതിനിധികളായെത്തിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാനവിക ഐക്യത്തിനായി കൈകോർത്തു. മൂന്നാംദിവസം അസീസിയിലായിരുന്നു സർവമത സമ്മേളന സമാപനം. ശിവഗിരി മഠം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും വത്തിക്കാന്റെ സഹകരണമുണ്ടാകുമെന്ന് കൂവക്കാട് തിരുമേനി അറിയിച്ചിട്ടുണ്ട്. അതിനെ ശിവഗിരിമഠം സർവാത്മനാ സ്വാഗതം ചെയ്യുന്നു. സഹായങ്ങളെ നമിക്കുന്നു.

ലോകത്തെ എല്ലാവരും ഏകമനസോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന ഗുരുവചനം നമ്മെ നയിക്കട്ടെ, ഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് ലോകപ്രസക്തി വർദ്ധിക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിന് കാരണക്കാരായ ഒരുപാടുപേരുണ്ട്. പേരെടുത്തു പറയുക പ്രയാസം. എങ്കിലും മാദ്ധ്യമങ്ങളോടുള്ള കൃതജ്ഞത പറയാതെ വയ്യ. ആ പിന്തുണയാണ് സമ്മേളനത്തെ ലോകശ്രദ്ധയിലെത്തിച്ചത്. എല്ലാവർക്കും ശിവഗിരി മഠത്തിന്റെ നന്ദി!

(വത്തിക്കാൻ സർവമത സമ്മേളനത്തിന്റെ സംഘാടക സമിതി സെക്രട്ടറിയായിരുന്നു സ്വാമി വീരേശ്വരാനന്ദ)​