
സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണം നടക്കുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകില്ല. അതേസമയം നിർമ്മാണം മന്ദഗതിയിലായി, നാൾക്കുനാൾ നീണ്ടുപോകുന്നത് നീതീകരിക്കാനുമാവില്ല. ആവശ്യത്തിന് പാറയും മണ്ണും ലഭ്യമാകാത്തതിനാൽ പലയിടത്തും നിർമ്മാണം ഒച്ചിഴയും വേഗത്തിലായിരിക്കുകയാണ്. ദേശീയപാതാ നിർമ്മാണത്തിന് മണ്ണെടുക്കാൻ പരിസ്ഥിതി ക്ളിയറൻസ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും പ്രാദേശികമായ എതിർപ്പുകൾ പലയിടത്തും ഉണ്ടാകുന്നുണ്ടെന്നും, ഇത്തരം കേസുകളിൽ സ്റ്റേ വരുന്നത് നിർമ്മാണത്തെ തടസപ്പെടുത്തുകയാണെന്നുമാണ് കമ്പനികൾ പറയുന്നത്. 910 ദിവസംകൊണ്ട് പൂർത്തിയാക്കാമെന്ന് കരാർ എഴുതിക്കൊടുത്താണ് കമ്പനികൾ വിവിധ റീച്ചുകളുടെ നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത്.
ദേശീയപാതാ നിർമ്മാണത്തിന് അവശ്യം വേണ്ടുന്ന രണ്ടു ഘടകങ്ങളാണ് പാറയും മണ്ണും. പല സ്ഥലങ്ങളിലും ക്വാറി ലഭിക്കാൻ താമസമുണ്ടായതാണ് തുടക്കത്തിൽ നിർമ്മാണം വൈകാനിടയാക്കിയത്. ചില സ്ഥലങ്ങളിൽ ക്രഷർ പ്രവർത്തിപ്പിക്കുന്നതിനും എതിർപ്പുകൾ വന്നിരുന്നു. ചില റീച്ചുകളിൽ കല്ലും മണ്ണും വേഗത്തിൽ ലഭ്യമാകുമ്പോൾ മറ്റു ചിലയിടത്ത് അതു കിട്ടാൻ വളരെ വൈകുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഇടപെടലുകളും നിർമ്മാണം വൈകാൻ ഇടയാക്കുന്നതായാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. കമ്പനികളുടെ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്ക് രൂപം നൽകാനുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടായാലേ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് കമ്പനിയുടെ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞത്.
നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ സർക്കാരിന്റെ സത്വരമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.
നേരത്തേ, വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണത്തിൽ പാറക്കല്ലുകൾക്ക് ക്ഷാമം വന്നപ്പോൾ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് തമിഴ്‌നാട്ടിൽ നിന്നുവരെ കല്ല് എത്തിക്കാൻ അനുവദിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. മഴക്കാലം വന്നപ്പോൾ മന്ദഗതിയിലായ ദേശീയപാതാ നിർമ്മാണം കഴിഞ്ഞ മാസമാണ് വീണ്ടും സജീവമായത്. സർക്കാർ ഇടപെട്ട് മണ്ണ് ലഭ്യമാക്കിയില്ലെങ്കിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ ഇനിയും നീണ്ടുപോകും. ദേശീയപാത-66 ആറുവരിയായി വികസിപ്പിക്കുന്ന ജോലികൾ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എന്തായാലും കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാകാൻ സാദ്ധ്യതയില്ല. 2025 ജൂൺ വരെയാണ് നിർമ്മാണത്തിനുള്ള കരാർ കാലാവധി. സർക്കാർ അടിയന്തരമായി ഇടപെട്ടാൽ ഡിസംബറിലെങ്കിലും 90 ശതമാനം പണി പൂർത്തിയാക്കാനാവും.
പാതയുടെ 60 ശതമാനം പണി പൂർത്തിയായി എന്ന് അധികൃതർ പറയുമ്പോഴും പല സ്ഥലത്തും ഓടകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. അതുപോലെ, സർവീസ് റോഡുകളുടെ നിർമ്മാണവും അപൂർവം സ്ഥലങ്ങളിലൊഴികെ പുരോഗമിച്ചിട്ടില്ല. അടിപ്പാത നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ സർവീസ് റോഡ് നിർമ്മിച്ചിട്ടുള്ളത്. താത്‌കാലികമായാണ് ഇതിന്റെ നിർമ്മാണം. അതിനാൽ സർവീസ് റോഡിൽ കുഴികൾ നിറഞ്ഞുകിടക്കുകയാണ്. പതിവായി ഇതുവഴി പോകുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. തകരാറിലായ സർവീസ് റോഡുകൾ നിരന്തരമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഭൂഗർഭ വൈദ്യുതി കേബിളുകൾ മോഷ്ടിക്കപ്പെടുന്നതായും വാർത്തയുണ്ട്. ഈ സർക്കാരിന്റെ കാലത്ത് ജീവൻവച്ച പദ്ധതിയാണിത്. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2026 മേയ് മാസത്തിനു മുമ്പെങ്കിലും ഇത് പൂർത്തിയാക്കണമെങ്കിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ്.