പാലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങൾ ആക്രമിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിൽ 2013ൽ 11 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചതെങ്കിൽ 2024 അവസാനിക്കുമ്പോൾ ഇരട്ടിയാണ് മരണനിരക്ക്.ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുതലാണ്. പുലർച്ചെ തൊഴിലിനായി പുറത്തിറങ്ങുന്ന തൊഴിലാളികളെയാണ് കാട്ടുമൃഗങ്ങൾ ആക്രമിക്കുന്നത്. വന്യമൃഗങ്ങൾ പകലും രാത്രിയും ഏതാണ്ട് നിരത്തുകൾ കൈയടക്കിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ ബുധനാഴ്ച രാവിലെ മകളെ സ്‌കൂളിൽ കൊണ്ടു പോയ കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷിനെയാണ് പാലോടു വച്ച് കാട്ടുപന്നി കുത്തി വീഴ്ത്തിയത്.കൂടാതെ തെന്നൂർ നെട്ടയം വിളയിൽ അനിൽകുമാർ, സജു എന്നിവരെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.
പാലോട് റേഞ്ച് ഓഫീസിനു സമീപം കാട്ടുപോത്തിനെ കണ്ട് ഭയന്നോടിയ അനാമിക എന്ന വിദ്യാർത്ഥിനിയും ചികിത്സയിലാണ്. സോളാർ വേലിയും കിടങ്ങുകളുമായി മുന്നോട്ടുവന്ന സർക്കാരും വനംവകുപ്പും സമ്പൂർണ പരാജയത്തിലാണെന്നുപറയാം.
വിതുര,പെരിങ്ങമ്മല,നന്ദിയോട്,പാങ്ങോട് പഞ്ചായത്തുകളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഇപ്പോൾ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്ക് പോകുന്നില്ല. കാരണം റബ്ബർ തോട്ടം നിറയെ കാട്ടുപോത്തുകളും മ്ലാവുകളുമാണ്.
കരടി ആക്രമണവും
കൂടാതെ കരടിയുടെ ആക്രമണവുമുണ്ട്. നെടുമങ്ങാട് താലൂക്കിലെ മലയോരഗ്രാമങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുപേരെയാണ് കരടി ആക്രമിച്ചത്. ഏറ്റവും ഒടുവിൽ ബോണക്കാട്ടെ തോട്ടം തൊഴിലാളിയായ ലാലനെയാണ് കരടി ആക്രമിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങവേയാണ് കരടികൾ ലാലനെ അടിച്ചത്. പേപ്പാറ പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണി (52), തച്ചരുകാല സ്വദേശി ശിവദാസൻകാണി എന്നിവരും കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചിത്സയിലാണ്.
ഭീതിയോടെ വിദ്യാർത്ഥികളും
സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. ഇവർ കൃഷിയിടത്തിലിറങ്ങി റബ്ബർ, വാഴ, മരിച്ചീനി, പച്ചക്കറികൾ തുടങ്ങിയവയെല്ലാം നശിപ്പിക്കും. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്‌കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്‌കൂളുകളിലെത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.
പകലും കാട്ടുപന്നികളെത്തുന്നു
ഭക്ഷണത്തിനായി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങളും ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, ഇടിഞ്ഞാർ തുടങ്ങിയ ഭാഗങ്ങളിൽ പകലും പന്നികൾ കൂട്ടത്തോടെ എത്തുന്നുണ്ട്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികളെത്തുന്നതും പതിവാണ്.