cpm

പൊതുവഴി ജനങ്ങൾക്കും വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാനുള്ളതാണ്. ഈ പ്രാഥമിക നിയമം മറികടന്ന് കേരളത്തിലെവിടെയും റോഡുകളിൽ തടസമുണ്ടാക്കുന്നതും യാത്ര മുടക്കുന്നതും പതിവായിരിക്കുകയാണ്. സംഘടനാ ബലത്തിലാണ് ഈ നിയമനിഷേധം നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച വഞ്ചിയൂരിൽ സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവൻ യാത്രക്കാരെ വലച്ച സംഭവം ഈ ഗണത്തിൽ ഏറ്റവും ഒടുവിലത്തേതാണ്. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉൾപ്പെടെയുള്ള,​ അനവധി പേർ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവൻ നീണ്ടുനിന്ന ഈ നിയമലംഘനം നടന്നതെന്നത് ചോദിക്കാനും പറയാനും ഇവിടെ അധികാരപ്പെട്ടവർ ഇല്ലെന്നതിന്റെ തെളിവാണ്.

അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയിൽ കുടുങ്ങേണ്ടി വന്നവരിൽ സ്‌കൂൾ കുട്ടികളും രോഗികളും കോടതികളിൽ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. ഒരു പാർട്ടിയുടെ ലോക്കൽ സമ്മേളനം ആ പാർട്ടിക്കാരെ മാത്രം ബാധിക്കുന്ന വിഷയമായിട്ടും ഏതെങ്കിലും പൊതുസ്ഥലം തിരഞ്ഞെടുക്കാതെ ഏറ്റവും തിരക്കേറിയ പൊതുവീഥി തന്നെ തിരഞ്ഞെടുത്തത് അധികാര ധാർഷ്ട്യം കൊണ്ടുതന്നെയാകണം. തിരുവനന്തപുരം നഗരത്തിൽ ഇത്തരത്തിലുള്ള പാർട്ടി സമ്മേളനങ്ങൾ നടത്താൻ സ്ഥലവും വേദികളും ധാരാളമുള്ളപ്പോൾ യാത്രക്കാരെയും പല ആവശ്യങ്ങൾക്കായി നഗരത്തിലെത്താൻ പുറപ്പെട്ടവരെയും ഇതുപോലെ വഴിയിൽ കുരുക്കിയിട്ടതിന് യാതൊരു നീതീകരണവുമില്ല. മാത്രമല്ല,​ റോഡ് കെട്ടിയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പും നൽകിയിരുന്നില്ല. വയനാട് വിഷയത്തിൽ എൽ.ഡി.എഫിന്റെ കൂറ്റൻ രാജ്‌ഭവൻ മാർച്ചും ഇതേ ദിവസം തന്നെയായിരുന്നുവെന്ന് ഓർക്കണം.

നിയമം കാക്കാൻ ചുമതലപ്പെട്ട വഞ്ചിയൂർ പൊലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവുമൊക്കെ അവിടെ നടന്നു. എല്ലാം കഴിഞ്ഞ് രാത്രിയിലാണ് പൊലീസിന് നിയമബോധം ഉണർന്നത്. കണ്ടാലറിയാവുന്ന അഞ്ഞൂറു പേർക്കെതിരെ കേസെടുത്ത് പൊലീസ് തലയും ഊരി. എങ്ങനെയുണ്ട് നിയമപാലനത്തിന്റെ പോക്ക്! പൊതുനിരത്തുകളിൽ യാത്ര മുടക്കുന്ന യാതൊന്നും അനുവദിക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശമുള്ളത്. പക്ഷേ ആരു വകവയ്ക്കാൻ?​ പത്തുപേർ വിചാരിച്ചാൽ ഏതു റോഡിലും ഗതാഗതം നിലയ്ക്കുന്ന അവസ്ഥയാണ് പലേടത്തും; പ്രത്യേകിച്ച് തലസ്ഥാന നഗരത്തിലുള്ളത്. ഭരണസിരാകേന്ദ്രമായതിനാൽ സകല സംഘടനകളും ഓരോരോ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇങ്ങോട്ടാണ് എത്തുന്നത്. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളാണെങ്കിൽ പകൽ മുഴുവൻ റോഡുനീളെ അവരുടെ തിരക്കായിരിക്കും. പ്രധാന റോഡുകളിലൂടെ ഗതാഗതം അസാദ്ധ്യമാകുന്നതോടെ വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇടറോഡുകളെല്ലാം വാഹനത്തിരക്കിൽ കുടുങ്ങുന്നതിനാൽ ഗതാഗത തടസങ്ങൾ പതിന്മടങ്ങാകും.

മറ്രുള്ളവരുടെ അവകാശങ്ങൾ കൂടി മാനിക്കപ്പെടുമ്പോഴേ ജനാധിപത്യ സംവിധാനത്തിന്റെ ശരിയായ അർത്ഥം അനുഭവവേദ്യമാവൂ, റോഡിൽ പ്രകടനങ്ങളും ജാഥകളും നടക്കുമ്പോൾ ഗതാഗതം കൂടി സാദ്ധ്യമാകും വിധം കുറച്ചുഭാഗം ഒഴിച്ചിടാൻ സംഘാടകർ ഔചിത്യം കാണിക്കണം. റോഡ് തടസമുണ്ടാക്കി ഏറെ നേരം വാഹനങ്ങൾ നിരത്തുകളിൽ തടഞ്ഞിടുന്നതിലല്ല സംഘടനകളുടെ ശക്തി തെളിയിക്കേണ്ടത്. മറിച്ച് എല്ലാവരുടെയും അവകാശങ്ങൾ അംഗീകരിക്കുമ്പോഴാണ് സംഘടനകളുടെ മഹത്വമിരിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ മാത്രമല്ല, ആരാധനാലയങ്ങളും സാംസ്കാരിക സംഘടനകളുമെല്ലാം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തെരുവീഥികൾ കൈയടക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കോടതി നിരോധനം കൊണ്ടൊന്നും ഈ ദുഷ്‌‌പ്രവണത അവസാനിക്കാൻ പോകുന്നില്ല. സ്വയം നിയന്ത്രണമേർപ്പെടുത്തുക എന്നതു മാത്രമാണ് പോംവഴി. വഞ്ചിയൂർ മോഡൽ ആവർത്തിക്കാതിരിക്കാനുള്ള വിവേകം എല്ലാ കക്ഷികളിൽ നിന്നും ഉണ്ടാകണം.