keoko

മുടപുരം: കിഴുവിലം പഞ്ചായത്തിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. കിഴുവിലം ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ ചിറയിൻകീഴ്, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ഉണ്ടാകുന്ന വോൾട്ടേജ് ക്ഷാമവും ഇടക്കിടെയുണ്ടാകുന്ന വൈദുതി തടസവും പരിഹരിക്കുന്നതിന് ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷനുകീഴിൽ 11 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിച്ചാൽ പരിഹാരമാകും. എന്നാൽ സബ്സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം ലഭിച്ചിട്ടില്ല. പലയിടത്തും സർക്കാർ ഭൂമി അനാഥമായി കാടുമൂടിക്കിടക്കുന്നുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി സബ്സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 ആർക്കും വേണ്ടാതെ

കിഴുവിലം പഞ്ചായത്തിലെ നൈനാംകോണത്ത് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്കോ) 50 സെന്റ് വസ്തു കഴിഞ്ഞ 30 വർഷത്തോളമായി കാടുമൂടിക്കിടക്കുകയാണ്. ഈസ്ഥലം സബ്സ്റ്റേഷൻ നിർമ്മിക്കാനായി വിട്ടുനൽകണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കോഴിവളർത്തൽ ഗ്രാമം പദ്ധതി പ്രകാരം വനിതകൾക്ക് സ്വയംതൊഴിലെന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി ഉത്പാദന യൂണിറ്റ് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കുന്നതിനാണ് 1995 ൽ സ്വാശ്രയ ഫണ്ട് ഉപയോഗിച്ച് 50 സെന്റ് സ്ഥലം വാങ്ങിയത്.

 പെരുവഴിയിലായ പദ്ധതി

കിഴുവിലത്ത് സ്ഥലം വാങ്ങുമ്പോൾ ക്ഷീര വികസന പദ്ധതിക്കായി പഞ്ചായത്തിൽ ഒരു സഹകരണ സംഘം രൂപീകരിച്ചിരുന്നു. ആ സംഘം വഴി എല്ലാ അംഗങ്ങൾക്കും കെപ്കോ വഴി മുട്ടയും ഇറച്ചി കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുക, കർഷകർ ഉത്പാദിപ്പിക്കുന്ന കോഴിമുട്ടയും ഇറച്ചിക്കോഴിയും കെപ്കോയിൽ ഏല്പിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ ആവശ്യത്തിന് ശ്രദ്ധനൽകാതെ സംഘം നിർജീവമായി,​ സ്ഥലം പെരുവഴിയിലും.

 പരാതികളും

കാൽനൂറ്റാണ്ടായി ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലത്ത് 11 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കെപ്കോ അനുവാദം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം നൽകിയാൽ ഇതിനോട് ചേർന്നുള്ള കൂടുതൽ സ്ഥലം വാങ്ങാമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. എന്നാൽ കെപ്കോ അധികൃതർ സ്ഥലം നൽകാൻ തയാറല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.