തിരുവനന്തപുരം: ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചുവെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജിലെ ചരിത്ര അദ്ധ്യാപകനെയും പ്രിൻസിപ്പലിനെയും കോടതി കുറ്റവിമുക്തരാക്കി. പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് അദ്ധ്യാപകരെ കുറ്റവിമുക്തരാക്കിയത്.
കാരേറ്റ് തൊളിക്കോട് കുറ്റിമൂട് തടത്തരികത്ത് വീട്ടിൽ നിക്കോയ തോമസ്,പനവൂർ ആറ്റിൻപുറം മുത്തികമൂല വീട്ടിൽ നജീബ് ബാബു എന്നിവരായിരുന്നു പ്രതികൾ.ഇരുവരും നൽകിയ വിടുതൽ ഹർജിയാണ് കോടതി പരിഗണിച്ചത്. കുട്ടിയിൽ അച്ചടക്കമുണ്ടാക്കാനും തെറ്റുകൾ തിരുത്താനും അദ്ധ്യാപകർ ചെറിയ ശിക്ഷകൾ നൽകുന്നതിൽ തെറ്റില്ലെന്നും, മാതാപിതാക്കൾ ഇതിനായി അദ്ധ്യാപകർക്ക് മൗനാനുവാദം നൽകുന്നുണ്ടെന്നുമുള്ള മേൽക്കോടതി വിധികൾ ഉദ്ധരിച്ചാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
ചരിത്രാദ്ധ്യാപകൻ കൈവെള്ളയിൽ അടിച്ച് രക്തം കട്ടിപിടിച്ച് നീരുവന്നതായി കാണിച്ച് വിദ്യാർത്ഥിയാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. ആയുധം ഉപയോഗിച്ചുള്ള പരിക്കേൽപ്പിക്കലിനും ബാലനീതി നിയമപ്രകാരം സംരക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാൾ അത് ലംഘിച്ചതിനുമാണ് പൊലീസ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിരുന്നത്. അദ്ധ്യാപകർക്കുവേണ്ടി ബാജി രവീന്ദ്രൻ ഹാജരായി.