തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുമാസം മാത്രം അവശേഷിക്കെ തലസ്ഥാനത്തെ മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്തിലെ സ്മാർട്ട് സിറ്റിയുടെ പണികൾ പൂർത്തിയായിട്ടില്ല.അവശേഷിക്കുന്ന പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുമ്പോഴും കാലാവസ്ഥ പ്രതികൂലമായാൽ നീണ്ടേക്കും.

കലോത്സവത്തിലെ സ്റ്റാളുകൾ ഉൾപ്പെടെ മുഖ്യവേദിയിൽ പ്രവർത്തിക്കും.മൈതാനത്തിനുള്ളിലെ ഇ.കെ.നായനാർ പാർക്കിലെ റൂഫിംഗ് പണികൾ തീർന്നിട്ടില്ല.ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെയും വിമാനത്താവളങ്ങളിലെയും പോലെ വെള്ള നിറത്തിലുള്ള ടെൻസൈൽ റൂഫിംഗാണ് ചെയ്യുന്നത്. ചോർച്ച തടഞ്ഞ് കൂടുതൽ നാൾ ഇവ നിലനിൽക്കും. സദസിൽ ഇരിക്കുന്നവർക്ക് തണൽ നൽകുന്നതിനൊപ്പം പുത്തരിക്കണ്ടത്തിന്റെ പ്രവേശനകവാടത്തിലെ മോടി കൂട്ടും. മേൽക്കൂരയിൽ സ്റ്റീൽ കേബിളുകൾ വച്ച് മെമ്പ്രെയ്നുകൾ ഘടിപ്പിക്കും.

ബംഗളൂർ ആസ്ഥാനമായ കമ്പനിയാണ് സ്മാർട്ട്സിറ്റിക്കായി അഞ്ചുമാസം മുൻപ് പണി ആരംഭിച്ചത്. അതേസമയം,മൈതാനത്തിനകത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാവിലെ 5 മുതൽ 9 വരെയും രാത്രിയും മൈതാനത്ത് വ്യായാമത്തിനായി നൂറുകണക്കിന് പേരെത്തുന്നുണ്ട്. ചിലർ ലഹരി ഉപയോഗിച്ചെത്തുന്നതിനാൽ ബാക്കി സമയങ്ങളിൽ മൈതാനത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഇടക്കാലത്ത് മോഷണവും വ്യാപകമായിരുന്നു.ഇ.കെ.നായനാർ പാർക്കിന് മുന്നിലെ വേലിക്ക് പൊക്കം കുറവാണ്. റൂഫിംഗ് ചെയ്യുന്നതിനൊപ്പം സുരക്ഷയുള്ള ഗേറ്റും വയ്ക്കണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

നവീകരണ പദ്ധതിച്ചെലവ് -11.58 കോടി

'ആർട്' ഇല്ലാത്ത ഗ്യാലറി

സാംസ്കാരികത്തനിമ നിലനിറുത്തിയാണ് 8.13 ഏക്കറിൽ 11.58 കോടി ചെലവഴിച്ച് പുത്തരിക്കണ്ടം നവീകരിച്ചത്. 500 പേർക്കിരിക്കാവുന്ന രണ്ട് ഓപ്പൺ എയർ തിയേറ്റർ,സൈക്ലിംഗ് ട്രാക്ക്‌,ഓപ്പൺ ജിം,ചിൽഡ്രൻസ് പാർക്ക്,യോഗ ഏരിയാ,സി.സി ടിവി സംവിധാനം എന്നിവ 2022 ഡിസംബറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നാലുകെട്ട് മാതൃകയിലുള്ള ആർട് ഗ്യാലറി ഇപ്പോൾ പ്രവൃത്തിക്കുന്നില്ല. അമൂല്യങ്ങളായ ചിത്രങ്ങൾ ഗ്യാലറിയിൽ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചാലയിൽ നിന്നുള്ള വെള്ളമെത്തുന്നത് ആർട് ഗ്യാലറിക്ക് പിൻവശത്തെ ഓടയിലാണ്. ഇത് പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. പുത്തരിക്കണ്ടത്തെ കോഫി കിയോസ്കുകളും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

അവശേഷിക്കുന്നത്

ഇ.കെ.നായനാർ പാർക്കിലെ ടെൻസൈൽ റൂഫിംഗ്

ആർട് ഗ്യാലറിലെ അറ്റകുറ്റപ്പണികൾ

കോഫി കിയോസ്കുകളുടെ പ്രവർത്തനം