കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്തിലെ പുതിയകാവിലെ പൊതു മാർക്കറ്റ് ഇനി ആധുനിക നിലവാരത്തിലേക്ക്. ഇവിടെ കിഫ്ബി ഫണ്ടിൽ നിന്നു അനുവദിച്ച മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കാൻ പോകുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ പണികൾ ആരംഭിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാർക്കറ്റ് നവീകരണ പദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകുകയും പഞ്ചായത്ത് തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ് കിളിമാനൂരിലുള്ളത്.
ഏറെ ആശ്രയം
കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിനോട് ചേർന്നുള്ളതാണ് ഈ സ്ഥലം. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്, നഗരൂർ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലേയും ജില്ല അതിർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവരും ഈ മാർക്കറ്റിനെ ആശ്രയിക്കുന്നുണ്ട്. കാർഷികോത്പന്നങ്ങൾ വില്ക്കാനും വാങ്ങാനും ഇവരിൽ നല്ലൊരു വിഭാഗം ആശ്രയിക്കുന്നത് കിളിമാനൂർ പൊതു മാർക്കറ്റിനെയാണ്. വെറ്റില മുതൽ കന്നുകാലികളെ വരെ വില്ക്കാനും വാങ്ങാനുമായി ഇവിടെ ആളുകളെത്തും.