ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ മോട്ടോർ വാഹന വകുപ്പ് സ്വകാര്യ -ട്രാൻസ്പോർട്ട് ബസ് പരിശോധന ഊർജ്ജിതമാക്കി. നിയമലംഘനം കണ്ടെത്തിയാൽ തിങ്കൾ മുതൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ. നിലവിൽ നിയമലംഘനം നടത്തിയിട്ടുള്ള ജീവനക്കാർ ഇതിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ നടപടി ഉറപ്പാണെന്നും അധികൃതർ പറഞ്ഞു. ടൗണിൽ വിദ്യാർത്ഥികളെ ബസ് തട്ടിയ സംഭവം ഗുരുതരമായി കാണണമെന്നും സംഭവം നടക്കാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചന മാത്രമാണെന്നും എ.ടി.ആർ.എ പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണമെന്നും നിശ്ചിത സ്പീഡ് പാലിക്കണമെന്നും പ്രൈവറ്റ് ബസുകൾ നോ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്യുന്നതും പലതവണ അധികാരികളോട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും എ.ടി.ആർ.എ അറിയിച്ചു.

 അമിത നിരക്ക്

വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച യാത്രാ ഇളവ് സ്വകാര്യ ബസുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. ഒരു ബസിൽ പോലും മിനിമം ചാർജായ ഒരു രൂപയുടെ ടിക്കറ്റ് നൽകുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അമിത നിരക്ക് ഈടാക്കിയാൽ ആർ.ടി ഓഫീസിൽ 0470 -2626400എന്ന നമ്പരിൽ പരാതി അറിയിക്കാം.

ലൈസൻസിന് അപേക്ഷകർ കൂടി

കഴിഞ്ഞ 27ന് സ്വകാര്യ ബസ് തട്ടി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബസ് കണ്ടക്ടർക്ക് ലൈസൻസ് ഇല്ലെന്ന വിവരം കണ്ടെത്തി. അതേസമയം,​ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയതോടെ കണ്ടക്ടർ ലൈസൻസ് ഉൾപ്പെടെ എടുക്കാൻ തിരക്കേറി. കഴിഞ്ഞ ഒറ്റ ദിവസം തന്നെ 15 പേർ ആറ്റിങ്ങൽ ആർ.ടി ഓഫീസിൽ ലൈസൻസിന് അപേക്ഷ നൽകി.